കര്‍ഷകര്‍ക്ക് മുന്‍പില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി; സമരം പിന്‍വലിച്ചു

കര്‍ഷകര്‍ക്ക് മുന്‍പില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുട്ടുമടക്കി; സമരം പിന്‍വലിച്ചു
കാര്‍ഷിക കടം എഴുതിതള്ളണമെന്നതടക്കമുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു
മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരം വിജയിച്ചു. കാര്‍ഷിക കടം എഴുതിതള്ളണമെന്നതടക്കമുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന ഉറപ്പ് ലഭിച്ചത്.
ദീര്‍ഘനാളായുള്ള കര്‍ഷകരുടെ ആവശ്യങ്ങളാണ് കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്തത്. കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതിതള്ളമെന്നതായിരുന്നു പ്രധാന ആവശ്യം. 13 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ അരലക്ഷത്തോളം കര്‍ഷകര്‍ നടന്നത് 182 കിലോ മീറ്ററാണ്. ശിവസേന അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.
കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച ആറംഗ സമിതിയുമായാണ് ആദ്യം ചര്‍ച്ച നടത്തിയത്. ശേഷം മുഖ്യമന്ത്രി ഫഡ്നാവിസുമായും ചര്‍ച്ച നടത്തി. എല്ലാ കര്‍ഷകര്‍ക്കും റേഷന്‍ കാര്‍ഡ് ഉറപ്പാക്കും, രണ്ട് മാസത്തിനുള്ളില്‍ വനാവകാശ നിയമം നടപ്പിലാക്കും, ഉല്‍പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില നല്‍കും എന്നിങ്ങനെ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചതായുള്ള ഉറപ്പ് ചര്‍ച്ചക്കൊടുവില്‍ ലഭിച്ചു. സമരത്തിന്‍റെ ഭാഗമായെത്തിയ എല്ലാ കര്‍ഷകരെയും തിരിച്ച് ഗ്രാമങ്ങളിലെത്തിക്കുന്നതിനായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Adjust Story Font
16

