Quantcast

തുടര്‍ച്ചയായി സ്തംഭിച്ചത് 22 ദിവസം: ബജറ്റ് സമ്മേളനം അവസാനിച്ചു

MediaOne Logo

Khasida

  • Published:

    5 Jun 2018 4:54 PM GMT

തുടര്‍ച്ചയായി സ്തംഭിച്ചത് 22 ദിവസം: ബജറ്റ് സമ്മേളനം അവസാനിച്ചു
X

തുടര്‍ച്ചയായി സ്തംഭിച്ചത് 22 ദിവസം: ബജറ്റ് സമ്മേളനം അവസാനിച്ചു

സുപ്രധാന ബില്ലുകളും കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയങ്ങളും പരിഗണനക്ക് എടുക്കാനായില്ല

പ്രതിഷേധത്തില്‍ മുങ്ങി പൂര്‍ണമായി സ്തംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അവസാനിച്ചു. 22 ദിവസമാണ് ഇരുസഭകളും തുടര്‍ച്ചയായി തടസപ്പെട്ടത്. നിരവധി സുപ്രധാന ബില്ലുകളും കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയങ്ങളും പരിഗണനക്ക് എടുക്കാനായില്ല.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജി കത്ത് നല്‍കി. പാര്‍ലമെന്റ് സമ്മേളന കാലത്തെ കോണ്‍ഗ്രസിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 12ന് സ്വന്തം മണ്ഡലങ്ങളില്‍ ബിജെപി എംപിമാര്‍ നിരാഹാര സമരം നടത്തും

കാവേരി വിഷയത്തില്‍ അണ്ണാഡിഎംകെയുടെയും ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപിയുടെയും പ്രതിഷേധമായിരുന്നു ഇരുസഭകളെയും സ്തംഭിപ്പിച്ചത്. അവസാന ദിവസമായ ഇന്നും അണ്ണാ ഡിഎംകെ പ്രതിഷേധത്തോടെയാണ് ലോക്‍സഭ ആരംഭിച്ചത്. സഭാ സ്തംഭനത്തില്‍ നീരസം പ്രകടിപ്പിച്ചുള്ള ലോക്‍സഭാ സ്പീക്കറുടെയും രാജ്യസഭ അധ്യക്ഷന്റെയും ഉപസംഹാര പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേനത്തിന്റെ രണ്ടാം ഘട്ടം പിരിഞ്ഞത്.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് 5 വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കര്‍ക്ക് രാജി കത്ത് നല്‍കി.
ബഹളങ്ങള്‍ക്കിടെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും കൊണ്ട് വന്ന അവിശ്വാസ പ്രമേയമടക്കം കേന്ദ്രത്തിനെതിരായ 6 അവിശ്വാസ പ്രമേയങ്ങളാണ് പരിഗണിക്കാനാകാതെ പോയത്.

100 കോടിക്ക് മുകളില്‍ സാമ്പത്തിക വെട്ടിപ്പ് നടത്തി രാജ്യം വിടുന്നത് തടയുന്നതിനുള്ള ബില്‍, അഴിമതി വിരുദ്ധ ബില്‍ എന്നിവ അടക്കമുള്ള സുപ്രധാന ബില്ലുകളും പാസാക്കാനായില്ല. സഭാ സ്തംഭനത്തിന് കാരണം സര്‍ക്കാരാണെന്ന കോണ്‍ഗ്രസ് എംപിമാരുടെ പ്രസ്താവനകളില്‍ പല ദിവസവും ഭരണപക്ഷ എംപിമാരും ബഹളം വച്ചു. സഭാസ്തംഭനത്തില്‍ പ്രതിഷേധിച്ച് സമ്മേളനകാലത്തെ ശമ്പളവും അലവന്‍സും ബഹിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സഭ സ്തംഭനത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ഇരുസഭകളും പിരിഞ്ഞ ശേഷം ബിജെപി എംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപം പ്രതിഷേധിച്ചു.

TAGS :

Next Story