Quantcast

ഒപ്റ്റിമിസ്ടിക് ടാക്സി സര്‍വീസ്; തൊഴിലാളി കൂട്ടായ്‍മയില്‍ തമിഴ്‍നാട്ടില്‍ നിന്നൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്

യാത്രക്കാരനും തൊഴിലാളിയ്ക്കും നഷ്ടമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിയ്ക്കുക എന്നതാണ് ഒടിഎസിന്റെ ലക്ഷ്യം. തൊഴിലാളി സംഘടനായ സിഐടിയുവിന്റെ നേതൃത്വത്തിലാണ് കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Jun 2018 6:01 AM GMT

ഒപ്റ്റിമിസ്ടിക് ടാക്സി സര്‍വീസ്; തൊഴിലാളി കൂട്ടായ്‍മയില്‍ തമിഴ്‍നാട്ടില്‍ നിന്നൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്
X

വന്‍കിട കമ്പനികളുടെ മാതൃകയില്‍ തമിഴ്‍നാട്ടില്‍ നിന്നൊരു ഓണ്‍ലൈന്‍ ടാക്സി സര്‍വീസ്. തൊഴിലാളി കൂട്ടായ്മയില്‍ ആരംഭിച്ച കമ്പനിയുടെ പേര്, ഒപ്റ്റിമിസ്ടിക് ടാക്സി സര്‍വീസ് അഥവാ ഒടിഎസ്എന്നാണ്. തൊഴിലാളി സംഘടനായ സിഐടിയുവിന്റെ നേതൃത്വത്തിലാണ് കമ്പനി പ്രവര്‍ത്തിയ്ക്കുന്നത്.

യാത്രക്കാരനും തൊഴിലാളിയ്ക്കും നഷ്ടമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിയ്ക്കുക എന്നതാണ് ഒടിഎസിന്റെ ലക്ഷ്യം. മറ്റ് ഓണ്‍ലൈന്‍ ടാക്സികള്‍ 20 മുതല്‍ 25 ശതമാനം വരെ കമ്മിഷന്‍ പറ്റുമ്പോള്‍, ഒടിഎസില്‍ ഇത് ഏഴുശതമാനമാണ്. ഇതു മാത്രമല്ല, പ്രത്യേകതകള്‍, ഓരോ സ്ഥലത്തേയ്ക്കും നിശ്ചിത തുകയാണ്. ഇതു മാറില്ല. എപ്പോള്‍ പോയാലും ഒരേ തുകയില്‍ പോകാം. ഒരു ട്രിപ്പ് റദ്ദാക്കുമ്പോള്‍ പ്രത്യേകമായി ചാര്‍ജും ഈടാക്കില്ല.

പത്തുവര്‍ഷമായി ടാക്സി മേഖലയിലുണ്ട്. കൂലിവര്‍ധനവ് അടക്കമുള്ള കാര്യങ്ങളില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തി. എന്നാല്‍, ഒരു നിശ്ചിത വാടക പോലും തീരുമാനിയ്ക്കാന്‍ ആരും തയ്യാറായില്ല. അങ്ങിനെയാണ് ഒടിഎസ് ആരംഭിച്ചതെന്ന് പറയുന്നു സംരംഭത്തിന്റെ ഡയറക്ടറായ എസ് സമ്പത്ത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കമ്പ്യൂട്ടര്‍ വഴിയും ഒടിഎസ് വാഹനങ്ങള്‍ ബുക്കു ചെയ്യാം. സര്‍വീസ് തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴേയ്ക്കും മൂവായിരം വാഹനങ്ങള്‍ ഒടിഎസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷ മുതല്‍ പതിനഞ്ചു പേര്‍ക്ക് സഞ്ചരിയ്ക്കാവുന്ന വാഹനങ്ങള്‍ വരെ. ആദ്യഘട്ടത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലാണ് സര്‍വീസ് ആരംഭിച്ചിട്ടുള്ളത്.

TAGS :

Next Story