Quantcast

യാസീന്‍ ആഗ്രഹം പോലെ ആ മഹാനടനെ കണ്ടു; ഇനി അവനെ രജനീകാന്ത് പഠിപ്പിക്കും

റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ അധ്യാപകർ മുഖേന പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു മുഹമ്മദ് യാസീന്‍ എന്ന രണ്ടാംക്ലാസുകാരന്‍

MediaOne Logo

Web Desk

  • Published:

    16 July 2018 7:25 AM GMT

യാസീന്‍ ആഗ്രഹം പോലെ ആ മഹാനടനെ കണ്ടു; ഇനി അവനെ രജനീകാന്ത് പഠിപ്പിക്കും
X

സത്യസന്ധനായ ആ ഏഴുവയസ്സുകാരന് നടന്‍ രജനീകാന്തിന്റെ അഭിനന്ദനം. റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 50,000 രൂപ അധ്യാപകർ മുഖേന പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു മുഹമ്മദ് യാസീന്‍ എന്ന ഏഴു വയസ്സുകാരന്‍. യാസിനെ അഭിനന്ദിക്കുക മാത്രമല്ല, ഇനി മുതല്‍ അവന്റെ മുഴുവൻ പഠനച്ചെലവും താൻ വഹിക്കുമെന്നും മകനെപ്പോലെ കരുതി സഹായിക്കുമെന്നും രജനീകാന്ത് അറിയിച്ചു.

നീ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിട്ടും അത് എടുക്കാതെ എന്തുകൊണ്ട് തിരിച്ചുനല്‍കാന്‍ തയ്യാറായെന്ന് താന്‍ അവനോട് ചോദിച്ചെന്നും അത് എന്റേതല്ല, അതുകൊണ്ടാണ് അത് പൊലീസിനെ ഏല്‍പ്പിച്ചതെന്നുമാണ് അവനെനിക്ക് നല്‍കിയ മറുപടിയെന്നും രജനീകാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഈറോഡ് ഖനിറാവുത്തർകുളത്ത് വാടകവീട്ടിൽ താമസിക്കുന്ന ബാഷ-അബ്രോസ് ബീഗം ദമ്പതികളുടെ ഇളയമകനായ മുഹമ്മദ് യാസീൻ തൊട്ടടുത്ത സർക്കാർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ജൂലൈ 11ന് രാവിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് റോഡിൽകിടന്ന ബാഗിൽനിന്ന് അരലക്ഷം രൂപയുടെ കറൻസി ലഭിച്ചത്. ഇത് യാസീൻ ക്ലാസ് ടീച്ചറെ ഏൽപിച്ചു.

പിന്നീട്, യാസീനെയുമായി ഹെഡ്‍മാസ്റ്ററും അധ്യാപകരും ഈ റോഡ് ജില്ല പൊലീസ് സൂപ്രണ്ട് ശക്തി ഗണേഷിന്റെ ഓഫിസിലെത്തി തുക കൈമാറി. ജൂലൈ 19ന് യാസീന്റെ സത്യസന്ധതയെ പ്രകീർത്തിച്ച് അഭിനന്ദനയോഗം സംഘടിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. യാസീനെക്കുറിച്ചുള്ള വാർത്ത മുഖ്യധാര-സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതിലൂടെ രജനീകാന്തിനെ കാണണമെന്ന ആഗ്രഹം യാസീൻ പ്രകടിപ്പിച്ചതോടെയാണ് അദ്ദേഹം ചെന്നൈ പോയസ്ഗാർഡനിലെ വസതിയിലേക്ക് വിളിപ്പിച്ചത്.

ഞായറാഴ്ച രാവിലെയാണ് യാസീനും മാതാപിതാക്കളും ചെന്നൈയിലെത്തിയത്. യാസീനെ കണ്ടയുടനെ കെട്ടിപ്പിടിച്ച രജനീകാന്ത് തൻറ മടിയിലിരുത്തി കഴുത്തിൽ സ്വർണമാലയിട്ടുകൊടുത്തു. മകനെ നല്ലനിലയിൽ വളർത്തിയതിന് രജനികാന്ത് മാതാപിതാക്കളെ അഭിനന്ദിക്കുകയും ചെയ്തു. പിന്നീട്, യാസീനും കുടുംബാംഗങ്ങളും കണ്ണീരോടെ രജനീകാന്തിന് നന്ദി പറഞ്ഞു. യാസീന്റെ പിതാവ് ബാഷ ഈ റോഡിൽ ബനിയൻതുണി വ്യാപാരിയാണ്.

TAGS :

Next Story