Quantcast

ഈ മനുഷ്യന്‍ എന്തിനാണ് തൊപ്പിവെച്ചത്? അമ്മയുടെ മനോഹരമായ മറുപടി, വൈറലായി കുറിപ്പ് 

വര്‍ഗീയ പോസ്റ്റുകള്‍ക്കിടയിലും മനസിന് നന്മ പകരുന്ന കുറിപ്പുകളും വരാറുണ്ട്. വല്ലാതെ സന്തോഷം നല്‍കും അത്തരം കാഴ്ചകള്‍.

MediaOne Logo

Web Desk

  • Published:

    21 July 2018 4:18 PM GMT

ഈ മനുഷ്യന്‍ എന്തിനാണ് തൊപ്പിവെച്ചത്?  അമ്മയുടെ മനോഹരമായ മറുപടി, വൈറലായി കുറിപ്പ് 
X

സമൂഹമാധ്യമങ്ങളിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് നേട്ടങ്ങള്‍ കൊയ്യുകയാണ് പലരും. ഫേസ്ബുക്കോ, ട്വിറ്ററോ തുറന്ന് നോക്കുന്ന ഏതൊരാള്‍ക്കും ഒരു വിദ്വേഷ പോസ്റ്റെങ്കിലും കാണാന്‍ സാധിക്കും. എന്നാല്‍ ഇത്തരം വര്‍ഗീയ പ്രചാരണങ്ങള്‍ക്കിടയിലും മനസിന് നന്മ പകരുന്ന കുറിപ്പുകളും വരാറുണ്ട്. വല്ലാതെ സന്തോഷം നല്‍കും അത്തരം കാഴ്ചകള്‍. അത്തരമൊരു ഫേസ്ബുക്ക് പോസ്റ്റാണ് അടുത്തിടെ വന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. മേഘ്‌ന അതാവ്‌നി എന്ന യുവതി ഒരു ടാക്‌സിയില്‍ സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവമാണ് കുറിപ്പിന് ആധാരം. മേഘ്‌ന പറയുന്നു..

കുറച്ച്മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ഒരു ഊബര്‍ ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്നു ഞാന്‍. തൊട്ടുപിന്നാലെ ഒരു അമ്മയും മകളും ടാക്‌സിയില്‍ കയറി. ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തൊപ്പിധരിച്ച ഒരു മുസ്ലിമായ വ്യക്തിയും ടാക്‌സിയില്‍ കയറി, ഡ്രൈവറുടെ അടുത്ത് ഇരുന്നു. യാത്ര പുരോഗമിക്കവെ തൊപ്പി ധരിച്ച ആ വ്യക്തിയെ കണ്ട് ആ കുട്ടി ആശ്ചര്യത്തോടെ അമ്മയോട് ചോദിച്ചു, വൈകുന്നേരമായിട്ടും എന്തിനാണ് ഈ അങ്കിള്‍ തൊപ്പി ധരിച്ചിരിക്കുന്നത്? പുറത്ത് വെയില്‍ ഇല്ലല്ലോ,

ടാക്‌സിയിലാണെങ്കി റേഡിയോയുടെ ശബ്ദം, ഡ്രൈവറും ആ വ്യക്തിയും തമ്മില്‍ സംസാരിച്ചിരിക്കുന്നു, ഞാനാണെങ്കില്‍ ഫോണിലും. ഈ കുട്ടിയുടെ സംസാരം കേട്ടപാടെ ഞാന്‍ ഫോണില്‍ നിന്ന് കണ്ണെടുത്തു, ഡ്രൈവര്‍ സംസാരം നിറുത്തി റേഡിയോയുടെ ശബ്ദം കുറച്ചു. ആ കുട്ടിയോട് എന്തെങ്കിലും പറയാം എന്ന് ഞാന്‍ കരുതുമ്പോഴാണ് അമ്മയുടെ മറുപടി എത്തുന്നത്; 'ഞാന്‍ അമ്പലത്തില്‍ പോകുമ്പോഴൊക്കെ തലയില്‍ ദുപ്പട്ട ഇടുന്നത് നീ കണ്ടിട്ടില്ലേ. അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വീട്ടില്‍ വരുമ്പോള്‍ ?, അതുമല്ലെങ്കില്‍ നിന്‍റെ മുത്തച്ഛന്‍റെയോ മുത്തശ്ശിയുടെയോ പാദങ്ങള്‍തൊട്ട് അനുഗ്രഹം വാങ്ങുമ്പോ. തലമൂടുക എന്നത് ബഹുമാന സൂചകമാണ്. ഇതൊക്കെ കേട്ടിരുന്നെങ്കിലും ആ കുട്ടി വീണ്ടും ചോദ്യവുമായി എത്തി. ആ അങ്കിള്‍ ഇപ്പോള്‍ ആരെയാണ് ബഹുമാനിക്കുന്നത് ? ഇവിടെ ഇപ്പോള്‍ അമ്പലമില്ല, ആരുടെയും പാദങ്ങളില്‍ സ്പര്‍ശിച്ചിട്ടില്ല, പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരും ഇപ്പോള്‍ കാറിലും ഇല്ല, പിന്നെ ആരോടാണ് ഇൌ ബഹുമാനം.

അപ്രതീക്ഷിതമായി ആ അമ്മ അതിനും ഉത്തരം നല്‍കി, അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ അദ്ദേഹത്തെ പഠിപ്പിച്ചത് കാണുന്ന എല്ലാവരെയും ബഹുമാനിക്കാനും ആദരിക്കാനുമാണ്. ഞാന്‍ നിന്നെ പഠിപ്പിച്ചിട്ടില്ലേ, അതിഥികളോട് നമസ്തേ പറയാന്‍ അതുപോലെതന്നെ.

ആരും തന്നെ അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ല. ആ മുസ്ലിമായ വ്യക്തി പോലും. ഞാനായിരുന്നു ആദ്യം ലക്ഷ്യസ്ഥാനത്ത് ഇറങ്ങേണ്ടത്. ചിരിച്ച് കെണ്ട് ഞാനിറങ്ങി. ചുറ്റുമുള്ളവരെക്കുറിച്ച് മറ്റുള്ളവര്‍ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍, ഇന്നത്തെ തലമുറ അവരുടെ മക്കളെ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് നമ്മെ വിഭജിക്കാന്‍ ആവില്ലായിരുന്നു, രാജ്യത്തിന്‍റെ മതേതരത്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരായ ബുദ്ധിശൂന്യര്‍ പരാജയപ്പെടുമായിരുന്നു എന്നൊക്കെ ചിന്തിച്ചു.

ജൂലൈ ഏഴിനാണ് മേഘ്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഇതിനകം തന്നെ കുറിപ്പ് വൈറലായി. ദേശീയ മാധ്യമങ്ങള്‍ ഇൌ കുറിപ്പ് വാര്‍ത്തയാക്കുകയും ചെയ്തു. #UnityInDiversity #HinduMuslimBhaiBhai എന്ന ഹാഷ്ടാഗും കുറിപ്പിന് താഴെ മേഘ്ന ചേര്‍ത്തിട്ടുണ്ട്.

TAGS :

Next Story