Quantcast

മോദി സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസം തള്ളി; പ്രമേയം തള്ളിയത് 126 നെതിരെ 325 വോട്ടുകള്‍ക്ക്

എന്‍ഡിഎക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട്; പ്രതിപക്ഷത്തിന്റെ വോട്ട് കുറഞ്ഞു; സര്‍ക്കാറിനെ പിന്തുണച്ച് അണ്ണാഡിഎംകെ

MediaOne Logo

Web Desk

  • Published:

    21 July 2018 4:50 AM GMT

മോദി സര്‍ക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസം തള്ളി; പ്രമേയം തള്ളിയത് 126 നെതിരെ 325 വോട്ടുകള്‍ക്ക്
X

ആരോപണ പ്രത്യാരോപണങ്ങളുടെ മരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം ലോക്‍സഭ വോട്ടിനിട്ട് തള്ളി. 325 പേര്‍ അവിശ്വാസപ്രമേയത്തെ എതിര്‍ത്തു. 126 അംഗങ്ങള്‍ പിന്തുണച്ചു. രാഹുലിനെയും കോണ്‍ഗ്രസ്സിനെയും കടന്നാക്രമിച്ചു കൊണ്ടുള്ള പ്രധാന മന്ത്രിയുടെ മറുപടി പ്രസംഗത്തിന് ശേഷമായിരുന്നു വോട്ടെടുപ്പ്.

ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 12 മണിക്കൂര്‍ പിന്നിട്ട ചര്‍ച്ചക്കൊടുവില്‍ രാത്രി 11. 10ന് വോട്ടെടുപ്പ്. 126 നെതിരെ 325 വോട്ടുകള്‍ക്ക് പ്രമേയം തള്ളി.

ശിവസേനയും ബിജു ജനദാതളും വിട്ടുനിന്ന വോട്ടെടുപ്പില്‍ അണ്ണാഡി.എംകെ സര്‍ക്കാരിനെ പിന്തുണച്ചെന്ന് വ്യക്തം. 156 വോട്ട് പ്രതീക്ഷിച്ചിടത്ത് പ്രതിപക്ഷത്തിന് കിട്ടിയ വോട്ട് 126. ചര്‍ച്ചയില്‍ തന്നെ കടന്നാക്രമിച്ച് സംസാരിക്കുകയും പിന്നീട് ആലിംഗനം ചെയ്ത് മടങ്ങുകയും ചെയ്ത രാഹുലിന് പരിഹാസം നിറഞ്ഞ മറുപടിയാണ് പിന്നീട് മോദി നല്‍കിയത്. അധികാരത്തിലിരിക്കാന്‍ ധൃതിയായതിനാല്‍ ഒരംഗം തന്നോട് കസേരയില്‍ നിന്ന് ഏണീക്കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു മോദിയുടെ മറുപടി പ്രസംഗം.

വാഗ്ദാനലംഘനങ്ങളുടെ സര്‍ക്കാരാണ് ഇന്ത്യയിലുള്ളതെന്നായിരുന്നു രാഹുലിന്റെ പ്രസംഗത്തിലെ വിമര്‍ശത്തിന്റെ കാതല്‍. മോദി സത്യ സന്ധനല്ലെന്നും അധികാരമോഹിയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു, ഒപ്പം റാഫേല്‍ വിമാന ഇടപാടിനെയും കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ റാഫേല്‍ വിമാന ഇടപാടിലെ ആരോപണത്തിന് കൃത്യമായ മറുപടി പ്രധാന മന്ത്രിയില്‍ നിന്ന് ഉണ്ടായില്ല. രാഹുല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് ശേഷം കണ്ണിറുക്കി കാണിച്ചതിനെയും പ്രധാനമന്ത്രി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം നാടകമാണെന്ന് പിന്നീട് ടിഡിപി എം പി കേസിനേനി ശ്രീനിവാസന്‍ ആരോപിച്ചങ്കിലും അദ്ദേഹത്തെ തുടരാനനുദവിക്കാതെ സ്പീക്കര്‍ വോട്ടെടുപ്പ് നടപടികളിലേക്ക് കടക്കുകയായിരുന്നു.

TAGS :

Next Story