Quantcast

അദാനിക്ക് തിരിച്ചടി; ദ വയറിനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി

‘അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാറിന്റെ വക അഞ്ഞൂറ് കോടിയുടെ സമ്മാനം’ എന്ന തലക്കെട്ടിൽ ജൂൺ 17 നാണ് എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ലേഖനം പ്രസിദ്ധീകരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 July 2018 10:12 PM IST

അദാനിക്ക് തിരിച്ചടി; ദ വയറിനെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി
X

ദ വയർ, എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി (ഇ.പി.ഡബ്ലിയു) എന്നീ വാർത്താമാധ്യമങ്ങൾക്കെതിരെ നൽകിയ മാനനഷ്ടക്കേസിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി. ഇ.പി.ഡബ്ലിയു എഡിറ്ററായിരുന്ന പരഞ്ചോയ് ഗുഹ താകൂർത്ത, ദ വയർ ന്യൂസ് പോർട്ടൽ, മറ്റു മൂന്ന് മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെ അദാനി നൽകിയ കേസ് ഗുജറാത്ത് കോടതി തള്ളി. അദാനിക്കെതിരെ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ മാഗസിൻ നൽകിയ ലേഖനം പുനഃപ്രസിദ്ധീകരിച്ചതിനാണ് പറഞ്ചോയ് ഗുഹക്കൊപ്പം ദ വയറിനെതിരെയും കേസ് ഫയൽ ചെയ്തത്. എന്നാൽ 3500 വാക്കുകൾ അടങ്ങിയ ലേഖനത്തിൽ നിന്നും ഒരു വാചകവും ഒരു പ്രോവെർബും നീക്കം ചെയ്യാൻ മാത്രമായിരുന്നു കോടതി വിധി. 'അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാറിന്റെ വക അഞ്ഞൂറ് കോടിയുടെ സമ്മാനം' എന്ന തലക്കെട്ടിൽ ജൂൺ 17 നാണ് എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ലേഖനം പ്രസിദ്ധീകരിക്കുന്നത്. ജൂൺ 19 ന് ദ വയർ ലേഖനം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മാഗസിന്റെ ചീഫ് എഡിറ്റർ ആയിരുന്ന പരഞ്ചോയ് ഗുഹ താകൂർത്ത, അബീർ ദാസ് ഗുപ്ത, അഡ്വൈദ് റാവു പാലപ്പൂ, ഷിൻസാനി ജെയിൻ എന്നിവർ ചേർന്നായിരുന്നു ലേഖനം തയ്യാറാക്കിയത്. മാനനഷ്ടക്കേസിൽ ആരോപിച്ച കാര്യങ്ങളൊന്നും ലേഖനത്തിൽ ഇല്ല എന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി കേസ് തള്ളിയത്. അദാനി ഗ്രൂപ്പിന് ചോദ്യാവലി അയച്ചു കൊടുത്തതിന് ശേഷമാണ് ലേഖനം പ്രസിദ്ധീകരിച്ചതെന്നും അതിനാൽ അതിൽ മാനനഷ്ടത്തിന് വകുപ്പൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. ലേഖനത്തിനെതിരെ അദാനി കേസ് കൊടുത്തതിന് പിന്നാലെ പരഞ്ചോയ് ഗുഹ താകൂർത്തയെ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ മാഗസിൻ പിരിച്ചുവിട്ടിരുന്നു. ലേഖനം പിൻവലിക്കുകയും ചെയ്തു. എന്നാൽ, ദ വയർ ലേഖനം പിൻവലിക്കാൻ തയ്യാറായില്ല. അമിത് ഷായുടെ മകൻ ജയ് ഷാക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിനും ദ വയർ നിയമനടപടി സ്വീകരിച്ചിരുന്നു.

Next Story