Quantcast

30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാളക്കാരനും ഇന്ത്യന്‍ പൗരനല്ല!

ഇന്ത്യന്‍ സേനയില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറായിരുന്ന(ജെസിഒ) മുഹമ്മദ് എ ഹഖാണ് ഒടുവില്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ അധികാരികള്‍ക്ക് മുമ്പിലെത്തിയിരിക്കുന്നത്...

MediaOne Logo

Web Desk

  • Published:

    2 Aug 2018 10:01 AM GMT

30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാളക്കാരനും ഇന്ത്യന്‍ പൗരനല്ല!
X

അസമില്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍ആര്‍സി) പുറത്തുവിട്ട പൗരത്വ പട്ടികയുടെ ആദ്യ കരട് വലിയ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. 40000ത്തോളം പേര്‍ ഇന്ത്യന്‍ പൗരത്വത്തില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന് പാര്‍ലമെന്റ് വരെ സ്തംഭിക്കുന്ന പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നീണ്ട 30 വര്‍ഷം രാജ്യത്തിനുവേണ്ടി സൈനിക സേവനം നടത്തിയ ആള്‍ പോലും പൗരത്വ പട്ടികയില്‍ നിന്നും പുറത്തായിരിക്കുകയാണ്.

സൈന്യത്തില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസറായിരുന്ന(ജെസിഒ) മുഹമ്മദ് എ ഹഖിനാണ് ഒടുവില്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ അധികാരികള്‍ക്ക് മുമ്പിലെത്തേണ്ട അവസ്ഥ വന്നത്. മുഹമ്മദ് എ ഹഖിന്റെ കുടുംബാംഗങ്ങളും പട്ടികയില്‍ നിന്നും പുറത്തായിട്ടുണ്ട്.

'മുപ്പത് വര്‍ഷത്തോളം ഞാന്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു. എന്‍ആര്‍സി പട്ടികയില്‍ പേരില്ലെന്നറിഞ്ഞതോടെ വല്ലാത്ത വിഷമത്തിലാണിപ്പോള്‍. അങ്ങേയറ്റത്തെ വിശ്വസ്ഥതയോടെയാണ് രാജ്യത്തെ ഞാന്‍ സേവിച്ചത്. മാതാപിതാക്കളില്‍ നിന്നും ലഭിച്ച വില്‍പത്രം എന്റെ പക്കലുണ്ട്. അന്വേഷണങ്ങള്‍ സുതാര്യവും നീതിയുക്തവും ആകണമെന്ന് മാത്രമാണ് പറയാനുള്ളത്' എ ഹഖിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

1986 സെപ്തംബര്‍ മുതല്‍ 2016 സെപ്തംബര്‍ വരെ സൈനികനായി സേവനം അനുഷ്ടിച്ചയാളാണ് മുഹമ്മദ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമുണ്ടാകുമെന്നാണ് ഇയാളും കുടുംബവും പ്രതീക്ഷിക്കുന്നത്.

അസമില്‍ എന്‍ആര്‍സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) പുറത്തിറക്കിയ പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷംപേരാണ് പുറത്തായിരിക്കുന്നത്. അസമിലെ 3.29 കോടി ജനങ്ങളില്‍ 2,89,83,677 പേര്‍ മാത്രമാണ് ഇന്ത്യന്‍ പൗരന്മാരെന്നാണ് എന്‍ആര്‍സി കണക്കാക്കിയിരിക്കുന്നത്. പട്ടികക്ക് പുറത്തുള്ളവര്‍ക്ക് രേഖകള്‍ ഹാജരാക്കാനായി അവസാന അവസരം കൂടിയുണ്ട്. ഈ രേഖകള്‍ കൂടി കണക്കിലെടുത്ത് 2018 ഡിസംബറില്‍ അന്തിമ പൗരത്വ പട്ടിക പുറത്തുവിടും.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ 1970കളിലും 80കളിലും അസമില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തങ്ങളുടെ അവസരങ്ങളും വിഭവങ്ങളും ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നുവെന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമപോരാട്ടങ്ങളും നടന്നു. ഒടുവില്‍ 2014 ഡിസംബറില്‍ അസമിലെ പൗരത്വ പട്ടിക പുതുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

1971ന് ശേഷം അസമില്‍ സ്ഥിരതാമസക്കാരാക്കിയവരെ മുഴുവനും അനധികൃത കുടിയേറ്റക്കാരായി കണ്ട് പൗരത്വ പട്ടിക തയ്യാറാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. 1951ന് ശേഷം ആദ്യമായാണ് എന്‍ആര്‍സി പൗരത്വ പട്ടിക പുതുക്കിയത്. 2017 ഡിസംബര്‍ 31 നാണ് അസമിലെ പൗരത്വ പട്ടികയുടെ ആദ്യ കരട് പ്രസിദ്ധീകരിച്ചത്. ആദ്യ കരടില്‍ 3.29 കോടി ജനങ്ങളില്‍ 1.9 കോടി പേര്‍ മാത്രമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ജൂലൈ 30ന് പുറത്തുവിട്ട രണ്ടാം പട്ടികയില്‍ ഇത് 2.89 കോടിയായി ഉയര്‍ന്നു.

ഈ വര്‍ഷം ഡിസംബറിലാണ് അന്തിമ പൗരത്വപട്ടിക പ്രസിദ്ധീകരിക്കുക. അതിലും ഉള്‍പ്പെടാത്തവര്‍ക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണലിനു മുമ്പാകെയും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കാം. അവിടെയും പരാജയപ്പെട്ടാല്‍ ഇവര്‍ക്ക് നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ട്.

TAGS :

Next Story