Quantcast

തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തെലങ്കാനയില്‍ നിയമസഭ പിരിച്ച് വിടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി

മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും താന്‍ തീരുമാനമെടുത്താല്‍ ഉടന്‍ എല്ലാവരെയും അറിയിക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Sep 2018 1:19 AM GMT

തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തെലങ്കാനയില്‍ നിയമസഭ പിരിച്ച് വിടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി
X

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ നിയമസഭ പിരിച്ച് വിടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും താന്‍ തീരുമാനമെടുത്താല്‍ ഉടന്‍ എല്ലാവരെയും അറിയിക്കുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഹൈദരാബാദില്‍ ടി.ആര്‍.എസ്‍. മഹാസമ്മേളനം നടത്തി.

മധ്യപ്രദേശും രാജസ്ഥാനുമടക്കം 4 സംസ്ഥാനങ്ങളില്‍ ഈ വര്‍ഷമവസാനത്തോടെ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവയുടെ കൂടെ തെലങ്കാനയിലും തെരെഞ്ഞെടുപ്പ് നടത്താനാണ് ടിആര്‍എസ് ആലോചന. എന്നാല്‍ ഒടുവില്‍ ചേര്‍ന്ന മന്ത്രി സഭായോഗം ഇക്കാര്യത്തില്‍ തീരുമാനം കൈകൊണ്ടില്ല. പക്ഷേ പിന്നീട് ഹൈദരാബാദിന് സമീപം രംഗ റെഡ്ഡി ജില്ലയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ മുഖ്യമന്ത്രി ചന്ദ്ര ശേഖര്‍ റാവു പാര്‍ട്ടിയുടെ നീക്കത്തെ പറ്റി സൂചന നല്‍കി.

താന്‍ ഉടന്‍‌ സര്‍ക്കാരിനെ പിരിച്ച് വിടുമെന്ന് മാധ്യമ വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ എല്ലാ ടി.ആര്‍.എസ്സ് എംഎല്‍‌എമാരും തനിക്കൊപ്പമുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനമെടുത്താല്‍ എല്ലാവരെയും അറിയിക്കുമെന്ന് ചന്ദ്രശേഖര റാവു പറഞ്ഞു. ചടങ്ങില്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ കെ.സി.ആര്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ഉള്‍കൊള്ളിച്ചാകും പാര്‍ട്ടിയുടെ പ്രകടന പത്രികയെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിന്നാക്ക വിഭാഗത്തെ ലക്ഷ്യമിട്ട് 70 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞ മന്ത്രിസഭായോഗം അനുവാദം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നേരത്തെ നടന്നാല്‍ സര്‍ക്കാര്‍ പ്രതിച്ഛായ ഉപയോഗപ്പെടുത്തി വീണ്ടും അധികാരത്തിലെത്താനാകുമെന്നാണ് ടിആര്‍എസ് കണക്കുകൂട്ടല്‍. എന്നാല്‍ ദേശീയ തലത്തില്‍ ശക്തിപ്പെടുന്ന പ്രതിപക്ഷ ഐക്യം കൂടി മുന്നില്‍ കണ്ടാണ് ചന്ദ്രശേഖര്‍ റാവുവിന്‍റെ കരുനീക്കങ്ങളെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

TAGS :

Next Story