Quantcast

പെഹ്‌ലുഖാൻ ആൾകൂട്ട കൊലപാതകം; സാക്ഷികളെ വെടി വെച്ച് കൊല്ലാൻ ശ്രമം 

കേസില്‍ സാക്ഷി പറയാന്‍ ബെഹ്റോറിലേക്ക് പോയ പെഹ്‍ലുഖാന്റെ മകന്‍ അടക്കമുള്ളവരെയാണ് അജ്ഞാതര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്

MediaOne Logo

Web Desk

  • Published:

    29 Sept 2018 6:47 PM IST

പെഹ്‌ലുഖാൻ ആൾകൂട്ട കൊലപാതകം; സാക്ഷികളെ വെടി വെച്ച് കൊല്ലാൻ ശ്രമം 
X

പെഹ്‌ലുഖാന്‍റെ ആള്‍ക്കൂട്ട കൊലപാതക കേസില്‍ സാക്ഷി പറയാന്‍ എത്തിയവെര കൊലപ്പെടുത്താന്‍ ശ്രമം. പെഹ്‌ലുഖാന്‍റെ മക്കള്‍ അടക്കമുള്ളവര്‍ക്ക് നേരെ കാറിലെത്തിയവര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. കേസില്‍ സാക്ഷി പറയാന്‍ ബെഹ്റോറിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

നമ്പര്‍ പ്ലെയിറ്റില്ലാത്ത കറുത്ത വാഹനത്തിലെത്തിയവരാണ് വെടിവെപ്പ് നടത്തിയതെന്ന് വാഹനത്തിലുണ്ടായിരുന്ന കേസിലെ അഭിഭാഷകന്‍ ആസാദ് ഹയാത്ത് പറഞ്ഞു.

രാജസ്ഥാനിലെ ആല്‍വാറില്‍ വച്ച് ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ ക്ഷീര കര്‍ഷകനാണ് പെഹ്‌ലുഖാൻ. കേസില്‍ സാക്ഷി പറയാന്‍ ബെഹ്റോറിലേക്ക് പോയ മകന്‍ അടക്കമുള്ളവരെയാണ് അജ്ഞാതര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ അഭിഭാഷകനായ ആസാദ് ഹയാത്ത്, സാക്ഷിയായ അസ്മാത്ത്, റഫീഖ് പെഹ്ലുഖാന്‍റെ മക്കളായ ഇര്‍ഷാദ്, ആരിഫ് , ഡ്രൈവറായ അംജാത് എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഒരു സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. നന്പര്‍ പ്ലെയിറ്റില്ലാത്ത കറുത്ത വാഹനം ഇവരുടെ വാഹനത്തിന് സമീപത്തെത്തി നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനം നിര്‍ത്താതെ വന്നപ്പോള്‍ മറികടന്ന് വെടിവെക്കാന്‍ ആരംഭിക്കുകയും ആയിരുന്നു. അതിവേഗത്തില്‍ കാറോടിച്ച് മറ്റൊരു വഴിയിലൂടെയാണ് രക്ഷപ്പെട്ടതെന്ന് അഭിഭാഷകന്‍ പറഞ്ഞു. പിന്നീട് ആല്‍വാറില്‍ എത്തി എസ് പിയെ കണ്ട് നടന്ന സംഭവങ്ങള്‍ വിവരിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി. തങ്ങള്‍ കൊല്ലപ്പെട്ടാല്‍ കേസില്‍ സാക്ഷിപറയാന്‍ മറ്റാരുമില്ലെന്നും അഭിഭാഷകനായ ആസാദ് പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ബെഹ്റോര്‍ പോലീസിനെ വിശ്വാസമില്ലെന്നും അതിനാല് കേസ് ആല്‍വാറിലേക്ക് മാറ്റണമെന്നും പെഹ്‌ലുഖാന്‍റെ കുടുംബം ആവശ്യപ്പെട്ടു.

എന്നാല്‍ സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കുടുംബം തന്നെ സമീപിച്ചിട്ടിലെന്നും ആല്‍വാര്‍ എസ്പി രാജേന്ദ്രസിങ് പറഞ്ഞു. ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിക്കുന്പോള്‍ മക്കളായ ഇര്‍ഷാദ് ആരിഫ് എന്നിവരും പെഹ്‌ലുഖാനോടൊപ്പമുണ്ടായിരുന്നു. അസ്മാത്ത് , റഫീഖ് എന്നിവര്‍ക്കും അന്ന് ആല്‍വാറില്‍ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു.

TAGS :

Next Story