രാഹുലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ബിജെപി; നാക്കുപിഴയെന്ന് മാപ്പുപറഞ്ഞ് രാഹുല്‍
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്റെ മകന്റെ പേര് പാനമ പേപ്പറിലുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം വിവാദമായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നാക്കുപിഴ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്റെ മകന്റെ പേര് പാനമ പേപ്പറിലുണ്ടെന്ന പരാമര്‍ശം വിവാദമായി. കള്ളപ്രചാരണം നടത്തുന്ന രാഹുല്‍ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ശിവരാജ് സിങ് പറഞ്ഞതോടെ തെറ്റുപറ്റിയതായി രാഹുല്‍ സമ്മതിച്ചു.
മധ്യപ്രദേശിലെ ജബുവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ അഴിമതി ആരോപണങ്ങളുന്നയിച്ച് കത്തിക്കയറുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിക്ക് പിഴച്ചത്. ദ്വിദിന നിയമസഭ പ്രചാരണ പരിപാടികള്‍ക്കായി മധ്യപ്രദേശിലെത്തിയ രാഹുല്‍ ഗാന്ധി ജബുവയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാനും കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചത്.
ചൌഹാന്‍ സര്‍ക്കാരിന് കീഴില്‍ വ്യാപക അഴിമതി തുടരുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം. ചൌഹാന്റെ മകന്റെ പേര് പനാമ പേപ്പറുകളിലുണ്ടായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. വ്യാപം, മഹാ കുംഭമേള നടത്തിപ്പിലെ അഴിമതി ചൂണ്ടിക്കാട്ടിയതിനൊപ്പം ശിവരാജ് സിങ് ചൌഹാന്‍റെ മകന്‍ കാര്‍ത്തികെ ചൌഹാന്റെ പേര് പാനാമ പേപ്പറിലുണ്ടെന്നും രാഹുല്‍ ആരോപിച്ചു. പനാമ പേപ്പറില്‍ പേരുള്‍പ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ജയിലിലാണെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ കൊണ്ടുവന്ന നരേന്ദ്രമോദി ചിലരുടെ കള്ളപ്പണം വെളുപ്പിച്ച മാന്ത്രികനാണെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ തനിക്കും കുടുംബത്തിനുമെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണ് രാഹുലെന്നും 48 മണിക്കൂറിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ചൌഹാന്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണ്. അതിനാല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ചൌഹാന്‍ ട്വിറ്ററില്‍ കുറിച്ചു. രാഹുലിന്റെ പരാമര്‍ശം ധാര്‍മ്മികമായും നിയമപരമായും തെറ്റാണെന്നും എന്ത് നടപടി എടുക്കമെന്ന് നേതൃത്വം തീരുമാനിക്കുമെന്നും മധ്യപ്രദേശ് ബി.ജെ.പി നേതൃത്വവും വ്യക്തമാക്കി.
ബിജെപി സര്‍ക്കാരുകളുടേതായി നിരവധി അഴിമതിക്കേസുകളുള്ളതിനാല്‍ മാറിപ്പോയതാണെന്നാണ് രാഹുലിന്റെ വിശദീകരണം. രണ്ട് ദിവസത്തെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംസ്ഥാന സര്‍ക്കാരിനെയും കടന്നാക്രമിക്കുന്ന പ്രസംഗങ്ങളാണ് നടത്തുന്നത്.
Adjust Story Font
16

