Quantcast

രാമക്ഷേത്ര നിര്‍മ്മാണതീയതി കുംഭമേളയില്‍ പ്രഖ്യാപിക്കുമെന്ന് വി.എച്ച്.പി

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിര്‍മാണ വിഷയം കത്തിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വി.എച്ച്.പി ധര്‍മസഭ സംഘടിപ്പിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    26 Nov 2018 5:48 AM GMT

രാമക്ഷേത്ര നിര്‍മ്മാണതീയതി കുംഭമേളയില്‍ പ്രഖ്യാപിക്കുമെന്ന് വി.എച്ച്.പി
X

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്ന തീയതി അടുത്തവര്‍ഷം പ്രഖ്യാപിക്കുമെന്ന് വിശ്വഹിന്ദു പരിക്ഷത്ത് (വി.എച്ച്.പി). 2019ല്‍ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയിലാണ് തീയതി പ്രഖ്യാപനമുണ്ടാവുകയെന്ന് നിര്‍മോഹി അഖാഡയിലെ രാംജി ദാസ് ആണ് വ്യക്തമാക്കി.

രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദം ചെലുത്താന്‍ വി.എച്ച്.പി അയോധ്യയില്‍ നടത്തുന്ന ധര്‍മസഭയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഇക്കാര്യത്തില്‍ വേണ്ടതുള്ളൂവെന്നും എല്ലാവരും അതുവരെ ക്ഷമിക്കണമെന്നും രാംജി ദാസ് ആഹ്വാനം ചെയ്തു.

രാമക്ഷേത്ര നിര്‍മാണത്തിനുവേണ്ടി അയോധ്യയിലെ തര്‍ക്കഭൂമി വിഭജിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് വ്യക്തമാക്കി. ക്ഷേത്രനിര്‍മാണം നീണ്ടുപോകുന്നത് ശുഭസൂചകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര നിര്‍മാണത്തിന് ആവശ്യമായ നടപടി തുടങ്ങാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവരണമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു. കോടതിയോട് ബഹുമാനമുണ്ടെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും യോഗി ആദിത്യനാഥിലും വലിയ പ്രതീക്ഷയാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിര്‍മാണ വിഷയം കത്തിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വി.എച്ച്.പി ധര്‍മസഭ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തോളം രാമഭക്തര്‍ ധര്‍മസഭക്കെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയത്.

TAGS :

Next Story