ഭരണവിരുദ്ധ വികാരം പരോക്ഷമായി സമ്മതിച്ച് യശോധര രാജെ സിന്ധ്യ
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പദ്ധതികള്‍ എം.എല്‍.എമാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടി എല്ലാ സീറ്റിലും വിജയിക്കുമായിരുന്നെന്ന് മീഡിയാവണിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

ഭരണ വിരുദ്ധ വികാരം പരോക്ഷമായി സമ്മതിച്ച് സിന്ധ്യാ കുടുംബത്തിലെ ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ യശോധര രാജെ സിന്ധ്യ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പദ്ധതികള്‍ എം.എല്‍.എമാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ പാര്‍ട്ടി എല്ലാ സീറ്റിലും വിജയിക്കുമായിരുന്നെന്ന് മീഡിയാവണിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇക്കുറി എത്ര സീറ്റില്‍ ജയിക്കുമെന്ന് താന്‍ കണക്കാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സംസ്ഥാന ബി.ജെ.പിക്കകത്തെ അസ്വസ്ഥതകളിലേക്ക് നേരെ വിരല്‍ചൂണ്ടുന്നതിന് പകരം ഭരണ പരാജയമുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുകയായിരുന്നു യശോധര. മധ്യപ്രദേശിലെ പാര്‍ട്ടിയുടെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയ അവര്‍ക്ക് ശിവ്പുരി മണ്ഡലത്തിലെ സ്വന്തം വിജയത്തെ കുറിച്ച് സംശയമുണ്ടായിരുന്നില്ല.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവുമധികം പ്രചാരണ ആയുധമാക്കുന്നത് യശോധര കൈകാര്യം ചെയ്ത വ്യവസായ, വാണിജ്യ, തൊഴില്‍ വകുപ്പുകളുമായി ബന്ധപ്പെട്ട വീഴ്ചകളാണ്. എന്നാല്‍ ആ വകുപ്പുകള്‍ താന്‍ രണ്ടര വര്‍ഷം മുമ്പേ ഒഴിഞ്ഞുവെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ യശോധര വ്യക്തമാക്കി. എം.എല്‍.എമാര്‍ പണിയെടുത്തിരുന്നുവെങ്കില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേട്ടങ്ങള്‍ തന്നെ സംസ്ഥാനം ജയിച്ചടക്കാന്‍ ധാരാളമാണെന്നും യശോധര ചൂണ്ടിക്കാട്ടി.
സിന്ധ്യ രാജകുടുംബാംഗങ്ങളില്‍ രാഷ്ട്രീയമായി താരതമ്യേന കുറഞ്ഞ പ്രതിച്ഛായയുള്ള യശോധര ഈ അടുത്ത കാലത്താണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. അമേരിക്കയിലായിരുന്നു വര്‍ഷങ്ങളായി യശോധരയുടെ താമസം. ഇത്തവണ മണ്ഡലത്തില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
Adjust Story Font
16

