സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
സിദ്ദു പാകിസ്താനില്‍ വെച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചത് എന്നീ കാര്യങ്ങള്‍ അന്വേഷിക്കണം.

പാകിസ്താന്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിനെ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാകിസ്താനില്‍ വെച്ച് ഖാലിസ്താന്‍ നേതാവ് ഗോപാല്‍ സിങ് ചൗളയോടൊപ്പം നിന്ന് ഫോട്ടോയെടുത്ത സംഭത്തില്‍ സിദ്ദുവിനെ എന്‍.ഐ.എ ചോദ്യം ചെയ്യണമെന്നും സ്വാമി പറഞ്ഞു.

ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ് ചെയ്യണം. സിദ്ദു പാകിസ്താനില്‍ വെച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തിയെന്നും എവിടെയാണ് താമസിച്ചത് എന്നീ കാര്യങ്ങള്‍ അന്വേഷിക്കണം. അല്ലെങ്കില്‍ സിദ്ദു തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു. കര്‍താര്‍പൂര്‍ ഇടനാഴി തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് സിദ്ദുവിനോടൊപ്പം നില്‍ക്കുന്ന ഫോട്ടോ ചൗള ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.

സമാന ആവശ്യവുമായി ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈനും രംഗത്തെത്തിയിട്ടുണ്ട്. ചൗളയുമൊത്തുള്ള ചിത്രത്തിന്റെ നിജസ്ഥിതി സിദ്ദു വിശദീകരിക്കണം എന്നാണ് ആവശ്യം. ഖാലിസ്ഥാന്‍ നേതാവിനൊപ്പം സിദ്ദു നില്‍ക്കുന്ന ചിത്രം കണ്ട പഞ്ചാബിലെ ജനങ്ങള്‍ നിരാശരാണെന്നും ഇതില്‍ അവരോട് വിശദീകരണം നല്‍കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
Adjust Story Font
16

