Quantcast

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് വീഡിയോ:  മണിപ്പൂരില്‍ മാധ്യമപ്രവർത്തകന്‍ അറസ്റ്റില്‍

രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വിഘാതമായേക്കാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് അറസ്റ്റെന്നാണ് വിശദീകരണം

MediaOne Logo

Web Desk

  • Published:

    1 Dec 2018 4:56 PM IST

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് വീഡിയോ:  മണിപ്പൂരില്‍ മാധ്യമപ്രവർത്തകന്‍ അറസ്റ്റില്‍
X

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. മണിപ്പൂരി മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ ചന്ദ്ര വാങ്ഖെം ആണ് ഇക്കഴിഞ്ഞ 27ന് അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വിഘാതമായേക്കാവുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് അറസ്റ്റെന്നാണ് ഇംഫാല്‍ വെസ്റ്റ് ജില്ലാ മജിസ്‌ട്രേട്ട് ഒപ്പുവെച്ച തടങ്കല്‍ ഉത്തരവിലുള്ളത്.

തടങ്കലിലാക്കുന്നതിന് മുമ്പുതന്നെ കിഷോര്‍ചന്ദ്ര പൊലീസ് കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ മാസം 21 നാണ് കിഷോര്‍ചന്ദ്രയെ മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാത്രമല്ല, മണിപ്പൂരി മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെയും കിഷോര്‍ ചന്ദ്ര വീഡിയോയിലൂടെ വിമർശിച്ചിരുന്നു.

നവംബര്‍ 19ന് മണിപ്പൂരിൽ ബി.ജെ.പി, റാണി ലക്ഷ്മി ഭായിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ചതിന്റെ പേരില്‍, ബിരേന്‍സിങ് മോദിയുടെയും ഹിന്ദുത്വത്തിന്റെയും കളിപ്പാവയായി മാറുന്നു എന്ന് കിഷോര്‍ചന്ദ്ര വീഡിയോയിലൂടെ അരോപിച്ചിരുന്നു. മണിപ്പൂർ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയായിരുന്നു അതെന്നും സർക്കാർ മോദിയുടെയും ഹിന്ദുത്വത്തിന്റെയും കളിപ്പാവയായി പ്രവർത്തിക്കുകയാണ് എന്നുമായിരുന്നു കിഷോറിന്റെ വിമർശനം. നിങ്ങള്‍ക്ക് മണിപൂരി ദേശീയതയെക്കുറിച്ച് ബോധമുണ്ടോ, ഇല്ലെങ്കില്‍ വിഡ്ഢിത്തം പുലമ്പരുത് എന്നും വീഡിയോയില്‍ കിഷോര്‍ചന്ദ്ര പറഞ്ഞിരുന്നു.

കേസിൽ നവംബര്‍ 25 ന് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി കിഷോര്‍ചന്ദ്രക്ക് ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കിഷോര്‍ചന്ദ്രക്കെതിരായ ദേശദ്രോഹക്കുറ്റം തള്ളുകയും ചെയ്തു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവർത്തകൻ നടത്തിയത് അഭിപ്രായസ്വതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചാണ് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി ജാമ്യം നൽകിയത്.

എന്നാൽ ദേശീയ സുരക്ഷ നിയമ പ്രകാരം കിഷോർചന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന് നവംബര്‍ 27 ന് വെസ്റ്റ് ഇംഫാൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു. എൻ.എസ്.എ നിയമപ്രകാരം ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരാളെ കസ്റ്റഡിയിലെടുക്കാവുന്നതാണ്. ഈ നിയമപ്രകാരം അറസ്റ്റിലാവുന്ന വ്യക്തിയെ വിചാരണക്കായി കോടതിയിൽ ഹാജരാക്കില്ല. ആ വ്യക്തിക്ക് അഭിഭാഷകനെ നിയോഗിക്കാനും കഴിയുകയില്ല.

കഴിഞ്ഞ ആഗസ്റ്റിലും ബി.ജെ.പിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കിഷോര്‍ചന്ദ്രയെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പിയെ ബുദ്ധു ജോക്കര്‍ പാര്‍ട്ടി എന്ന് വിശദീകരിച്ചതാണ് പ്രകോപനമായത്. ഹിന്ദി ഭാഷയില്‍ ബുദ്ധു എന്നാല്‍ വിഡ്ഢി എന്നാണ് അര്‍ത്ഥം.

കിഷോര്‍ചന്ദ്രയുടെ മോചനമാവശ്യപ്പെട്ട് ഇംഫാലില്‍ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ അകന്ന് നില്‍ക്കുകയാണ്. വ്യക്തിപരമായ ഇത്തരം അര്‍ത്ഥശൂന്യപ്രസ്താവനകള്‍ നടത്തി അറസ്റ്റിലാകുന്നവര്‍ ആരായാലും, മാധ്യമപ്രവര്‍ത്തകരായാലും അല്ലെങ്കിലും- പിന്തുണ നല്‍കേണ്ടതില്ലെന്നാണ് മണിപ്പൂര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ തീരുമാനമെന്ന് പ്രസിഡന്‍റ് ബ്രോസെന്ത്ര നിങ്കോമ്പ പറയുന്നു.

വാങ്കഖേയുടെ ഭാര്യ രഞ്ജിത എല്‍നാമ്പം

ഇംഫാല്‍ ഫ്രീ പ്രസ് അല്ലാതെ മറ്റൊരു മാധ്യമവും കിഷോര്‍ചന്ദ്രയുടെ അറസ്റ്റ് വാര്‍ത്തയാക്കിയിട്ടുമില്ല. ആരും വാര്‍ത്ത നല്‍കാന്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമല്ലെന്നല്ലാതെ എന്ത് പറയാനെന്ന് പറയുന്നു ഇംഫാല്‍ ഫ്രീ പ്രസ്സിന്റെ എഡിറ്റര്‍ പ്രദീപ് ഫന്‍ജൌബം. തുറന്ന് പറയുന്നതില്‍‌നിന്ന് മാധ്യമപ്രവര്‍ത്തകരെ പരിഭ്രമിപ്പിച്ച് പേടിപ്പിച്ച് വായടപ്പിക്കുകയാണ് ബി.ജെ.പി സര്‍ക്കാരെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. നമ്മുടെ എല്ലാം വായടപ്പിക്കുകയാണെന്ന് പറയുന്നു വാങ്കഖേയുടെ ഭാര്യ രഞ്ജിത എല്‍നാമ്പം.

ഐ.എസ്.ടി.വിയില്‍ അവതാരകനും സബ്എഡിറ്ററുമായിരുന്നു കിഷോര്‍ചന്ദ്ര. ഈ അടുത്താണ് രാജിവെച്ചത്.

TAGS :

Next Story