ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
8.75 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 2,440 കേന്ദ്രങ്ങളായിരുന്നു ഇതിനായി ഒരുക്കിയിരുന്നത്.

പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റിനുള്ള ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. ഗുജറാത്തിലാണ് സംഭവം. പരീക്ഷ നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സോഷ്യല്‍മീഡിയയിലൂടെ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് എഴുത്തുപരീക്ഷ റദ്ദാക്കിയിരുന്നു. 8.75 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 2,440 കേന്ദ്രങ്ങളായിരുന്നു ഇതിനായി ഒരുക്കിയിരുന്നത്.

ഞായറാഴ്ച മൂന്നുമണിക്ക് പരീക്ഷ നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് റദ്ദാക്കിയത്. ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ലോകരക്ഷക് റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വികാസ് സഹായ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരായ മുകേഷ് ചൌദരി, മന്‍ഹാര്‍ പട്ടേല്‍ എന്നിവരടക്കം നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡു ചെയ്തതായി ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ പ്രഖ്യാപിച്ചു.

മുകേഷ് ചൌദരി വഡ്ഗാം താലൂക്ക് പഞ്ചായത്ത് അംഗമാണ്. മന്‍ഹാര്‍ പട്ടേല്‍ അര്‍വാലി ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി പ്രവര്‍ത്തകനും. ചില സാമൂഹിക വിരുദ്ധന്‍മാരാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വികാസ് സഹായ് ഐ.പി.എസ് അറിയിച്ചു. സി.സി.ടി.വി കാമറകളും സുരക്ഷാ ഭടന്‍മാരുമുള്ള സ്‌ട്രോങ് റൂമുകളിലാണ് ചോദ്യക്കടലാസുകള്‍ സൂക്ഷിച്ചിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. ഗുജറാത്തിലെ യുവാക്കളുടെ ഭാവികൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ കളിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
Adjust Story Font
16

