അഗസ്ത വെസ്റ്റ് ലാന്‍ഡ് വിവാദം; കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള നീക്കം ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാകുന്നു
അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിനും മാതൃകമ്പനിയായ ഫിന്‍ മെക്കാനിക്കക്കും യു.പി.എ ഏര്‍പ്പെടുത്തിയ നിരോധനം 2014ല്‍ പിന്‍വലിച്ചത് മോദി സര്‍ക്കാരാണ്.

ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയില്‍ എത്തിച്ചതിന് പിന്നാലെ അഗസ്ത വെസ്റ്റ് ലാന്‍ഡ് വിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള നീക്കം ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാകുന്നു. അഗസ്റ്റ വെസ്റ്റ്‍ലാന്‍ഡിനും മാതൃകമ്പനിയായ ഫിന്‍ മെക്കാനിക്കക്കും യു.പി.എ ഏര്‍പ്പെടുത്തിയ നിരോധനം 2014ല്‍ പിന്‍വലിച്ചത് മോദി സര്‍ക്കാരാണ്. പിന്നീട് വിവിധ കരാറുകളിലും പങ്കാളിയാക്കിയതാണ് ചരിത്രം.

റഫാല്‍ ഇടപാടില്‍ അനുദിനം കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയും പ്രധാനമന്ത്രിയിലേക്ക് വരെ ആരോപണങ്ങള്‍ നീളുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇതുവരെ. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പാടുപെടവെയാണ് ക്രിസറ്റ്യന്‍ മൈക്കലിനെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. യു.പി.എ സംരക്ഷിക്കാന്‍ ശ്രമിച്ച മിഷേലിനെ ഇന്ത്യലിലെത്തിച്ചു എന്നും സത്യം പുറത്ത് വരുമെന്നുമാണ് മോദിയുടെ പ്രതികരണം. എന്നാല്‍ വീണ്ടും അഗസ്റ്റ വെസ്റ്റലാന്റ് വിഷയം ഉയര്‍ത്തിയത് ബി.ജെ.പിക്ക് തന്നെ തിരിച്ചടിയാവുകയാണ്. 2010ല്‍ യു.പി.എ ഉണ്ടായക്കിയ കരാര്‍ 2013 ഫെബ്രുവരിയില്‍ തന്നെ വിവാദങ്ങളെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. 2014ല്‍ അഗസ്റ്റ വെസ്റ്റ്ലാന്റിനെയും ഫിന്‍മെക്കാനിക്കയെയും ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുകയും ചെയ്തു.

എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇരു കമ്പനികള്‍ക്കുമുള്ള നിരോധനം പിന്‍വലിച്ചു. മാത്രമല്ല ഇന്ത്യന്‍ റോട്ടോര്‍ ക്ലാഫ്റ്റ് ലിമിറ്റഡ്-അഗസ്റ്റ-ടാറ്റ കൂട്ടുകെട്ടില്‍ നിരീക്ഷ ഹെലികോപ്ടര്‍ നിര്‍മ്മാണത്തിനും അംഗീകാരം നല്‍കി. 100 നാവിക സേന ഹെലികോപ്ടറുകളുടെ ലേലത്തിലും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യിലും ഭാഗമാകാനും അഗസ്തയെ അനുവദിച്ചിരുന്നു. ഇത്തരത്തില്‍ അഗസ്തയുടെ സംരക്ഷകനും ഗുണഭോക്താവും ആയിരിക്കെ സ്വന്തം കുറ്റം മറക്കാന്‍ ഒച്ചവക്കുകയാണ് മോദി എന്നാണ് കോണ്‍ഗ്രസ് പ്രതികരണം. റദ്ദാക്കിയ ഒരു കരാറില്‍ ചേര്‍ത്ത് ആരോപണമുന്നയിച്ച് മോദി കളിക്കുന്നത് വില കുറഞ്ഞ നീക്കമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ റഫാല്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. ഇതിനായി തിങ്കളാഴ്ച പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16

