ബുലന്ദ്ശഹര്‍ കേസില്‍ നിരപരാധികളെ പ്രതികളാക്കാന്‍ പൊലീസിന്റെ തിടുക്കം
11ഉം 8ഉം വയസ്സ് പ്രായമുള്ള കുട്ടികളെയും അവരുടെ ഒരു കാല്‍ അറ്റുപോയ പിതാവിനെയുമാണ് പൊലീസ് കേസില്‍ കുടുക്കിയത്.

ബുലന്ദ് ശഹറില്‍ ഗോഹത്യ കേസിലുള്‍പ്പെട്ടവരെ കണ്ടെത്താനുള്ള പോലിസിന്റെ തിടുക്കം കേസില്‍ കുടുക്കിയവരില്‍ കാല്‍ അറ്റുപോയ ഒരു വികലാംഗനും 11ഉം 8ഉം വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും. കേസില്‍ പോലിസ് പ്രതിചേര്‍ത്ത മിക്കവരും സംഭവ ദിവസം സ്ഥലത്ത് ഇല്ലാത്ത യുവാക്കള്‍. ഇവരില്‍ ആരും തന്നെ മൃഗങ്ങളെ കശാപ്പു ചെയ്യുന്ന ഖസായി വിഭാഗത്തില്‍ പെട്ടവരല്ല.

സഫറുദ്ദീന്‍, സാജിദ്, ആസിഫ്, നാനെ എന്നീ യുവാക്കളെയും മുഹമ്മദ് യാസിന്‍ എന്ന വികലാംഗനെയും അദ്ദേഹത്തിന്റെ വീട്ടിലെ പ്രായപൂര്‍ത്തി എത്താത്ത രണ്ടു കുട്ടികളെയുമാണ് സിയാനി പോലിസ് ഗോഹത്യാ കേസില്‍ കുടുക്കിയത്. സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വധിച്ച കേസില്‍ പോലിസ് അന്വേഷിക്കുന്ന മുഖ്യപ്രതി യോഗേഷ് രാജ് നല്‍കിയ മൊഴിയെ തുടര്‍ന്നാണ് പോലിസ് യുവാക്കള്‍ക്കും കുട്ടികള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നാണ് ഏറെ വിചിത്രം.

ഈ കുട്ടികളുടെ പേര് എങ്ങനെ കേസില്‍ ഉള്‍പ്പെട്ടുവെന്നത് ഇപ്പോഴും അറിയില്ല. പോലിസിനു തന്നെയും തീര്‍ച്ചയില്ലായിരുന്നു. നാലു മണിക്കൂര്‍ സ്‌റ്റേഷനില്‍ ഇരുത്തിയ ശേഷം വിളിപ്പിക്കുമ്പോള്‍ വരണമെന്ന ഉപാധിയോടെ ഞങ്ങളെ വിട്ടയക്കുകയായിരുന്നു എന്ന് കുട്ടികളുടെ പിതാവും, പ്രതി ചേര്‍ക്കപ്പെടുകയും ചെയ്ത മുഹമ്മദ് യാസിന്‍ പറഞ്ഞു.
കേസില്‍ പ്രതികളായവര്‍ ഗോഹത്യ നടത്തുന്നത് താന്‍ നേരില്‍ കണ്ടുവെന്നാണ് യോഗേഷ് രാജ് സിയാനി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി. മൊഴി നല്‍കിയതിനു ശേഷമാണ് ജനക്കൂട്ടത്തെ ഇളക്കിവിട്ട് കലാപം നടത്താനായി യോഗേഷ് വെടിവെപ്പ് നടന്ന ചിംഗ്‌റാവട്ടിയിലേക്ക് പോയത്. എന്നാല്‍ യോഗേഷ് സംഭവസ്ഥലത്ത് എത്തുന്നതിനും നാലു മണിക്കൂര്‍ മുമ്പെയെങ്കിലും വയലില്‍ മൂന്ന് പശുക്കളുടെ ശരീരഭാഗങ്ങള്‍ കണ്ട കാര്യം പോലിസിനെ അറിയിച്ചിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
Adjust Story Font
16

