പേരു മാറ്റ വാഗ്ദാനവുമായി തെലങ്കാനയിലും യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം
തെലങ്കാനയിലെ ‘കരീംനഗറി’ന്റെ പേര് ‘കരിപുരം’ എന്നാക്കി മാറ്റുമെന്നാണ് യോഗിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും പേരു മാറ്റല്‍ വാഗ്ദാനവുമായി യോഗി ആദിത്യനാഥ്. യു.പിയിലെ വിവിധ നഗരങ്ങളെ പേരു മാറ്റിയതിലൂടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് വിധേയമായ യു.പി മുഖ്യമന്ത്രി, തെലങ്കാനയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ സ്ഥലങ്ങളുടെ പേരു മാറ്റം നടപ്പില്‍ വരുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തെലങ്കാനയിലെ ‘കരീംനഗറി’ന്റെ പേര് ‘കരിപുരം’ എന്നാക്കി മാറ്റും. ഇന്ത്യന്‍ നഗരങ്ങള്‍ക്ക് മുഗള്‍ ഭരണകാലത്ത് നല്‍കിയ പേരുകള്‍ മാറ്റേണ്ടത് അനിവാര്യമാണ്. ഇന്ത്യക്കാരുടെ വികാരത്തെ മാനിക്കേണ്ടത് പ്രധാനമാണെന്നും യോഗി പറഞ്ഞു. നേരത്തെ, തലസ്ഥാനമായ ഹൈദരാബാദിന്റെ പേര് ‘ഭാഗ്യനഗര്‍’ എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി പറഞ്ഞിരുന്നു. യു.പിയിലെ യോഗി ഗവണ്‍മെന്റ് വിവിധ നഗരങ്ങളുടെ പേര് മാറ്റിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. അലഹബാദ് ‘പ്രായാഗരാജ്’ എന്നാക്കിയ സര്‍ക്കാര്‍, ഫൈസാബാദിനെ ‘അയോധ്യ’ എന്നും, മുഗള്‍സരായ് ജംഗ്ഷന്‍ ‘ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍’ എന്നും പുനര്‍ നാമകരണം ചെയ്യുകയുണ്ടായി.

പേരുമാറ്റല്‍ ദൗത്യവുമായി ഇറങ്ങിയ യോഗി ആദിത്യനാഥിനെതിരെ വിവിധ ഇടങ്ങളില്‍ നിന്നായി കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതിന് പുറമെ പേരു മാറ്റത്തെ ട്രോളുകള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളും എറ്റടുക്കുകയുണ്ടായി. കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്ന ബി.ജെ.പിയുമായി സഖ്യത്തിലുള്ള ഓം പ്രകാശ് രാജ്ഭര്‍, പേരു മാറ്റത്തിനായി നടക്കുന്ന ബി.ജെ.പി അവരുടെ പാര്‍ട്ടി വക്താക്കളായ മുഖ്താര്‍ അബ്ബാസ് നഖ്‍വിയുടെയും, യു.പി മന്ത്രിയായ മുഹ്‌സിന്‍ റാസയുടെയും, ഷാനവാസ് ഹുസൈന്റെയും പേരുകള്‍ മാറ്റിയിട്ട് വേണം ഇന്ത്യന്‍ സംസ്കാരത്തോടുള്ള കൂറ് തെളിയിക്കാനെന്ന് വിമര്‍ശിച്ചു.
Adjust Story Font
16

