എയ്ഡ്സ് ബാധിത മുങ്ങിമരിച്ചു; 15 ഏക്കര്‍ വരുന്ന തടാകം വറ്റിച്ച് ശുദ്ധീകരിക്കാനൊരുങ്ങി ഒരു ഗ്രാമം
തടാകത്തിലെ വെള്ളം ഇപ്പോള്‍ ഒരു കാര്യത്തിനും നാട്ടുകാര്‍ ഉപയോഗിക്കുന്നില്ല. നിലവില്‍ മൂന്നുകിലോമീറ്ററോളം സഞ്ചരിച്ചാണ് ഗ്രാമവാസികള്‍ കുടിവെള്ളം കൊണ്ടുവരുന്നത്.

തടാകത്തില്‍ മുങ്ങിമരിച്ച സ്ത്രീ എയ്ഡ്സ് ബാധിതയായിരുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് കര്‍ണാടകയില്‍ ഗ്രാമവാസികള്‍ തടാകം വറ്റിക്കുന്നു. കര്‍ണാടകയില്‍ ധര്‍വാദ് ജില്ലയിലെ മൊറാബ് ഗ്രാമത്തിലാണ് സംഭവം. ഇതിന് പഞ്ചായത്തും അനുമതി നല്‍കിയിട്ടുണ്ട്.
15 ഏക്കറോളം വരുന്ന തടാകമാണ് കഴിഞ്ഞ ഏതാനും ദിവസമായി നാട്ടുകാര്‍ വറ്റിക്കാന്‍ ശ്രമിക്കുന്നത്. ഗ്രാമവാസികളുടെ കുടിവെള്ളത്തിനായുള്ള ഏക ആശ്രയമാണ് ഈ തടാകം. ഒരാഴ്ച മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം നാലുദിവസം മുമ്പാണ് തടാകത്തില്‍ നിന്ന് കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

മുങ്ങിമരിച്ച സ്ത്രീ എച്ച്‌ഐവി പോസിറ്റീവാണെന്ന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ തടാകത്തിലെ വെള്ളം ഉപയോഗിക്കാതെയായത്. തടാകത്തിലെ വെള്ളം ഉപയോഗിച്ചാല്‍ തങ്ങളും എയ്ഡ്സ് ബാധിതരാകുമെന്ന് അവര്‍ ഭയക്കുന്നു.
മുങ്ങിമരിച്ച സ്ത്രീ എച്ച്.ഐ.വി ബാധിതയായതിനാല്‍ തടാകത്തിലെ വെള്ളം ഉപയോഗിക്കില്ലെന്നത് ഗ്രാമീണരുടെ തീരുമാനമായിരുന്നു. കുടിവെള്ളത്തിന് അവര്‍ക്ക് വേറെ ആശ്രയമില്ല. അതുകൊണ്ട് തടാകത്തിലെ വെള്ളം വറ്റിച്ച് അടുത്തുള്ള മലപ്രഭാ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ട് തടാകം വീണ്ടും നിറയ്ക്കുക എന്നതാണ് നാട്ടുകാരുടെ പദ്ധതി. ഇതിന് പ്രാദേശിക ഭരണകൂടം അനുമതി നല്‍കുകയായിരുന്നു എന്ന് പറയുന്നു നവല്‍ഗുണ്ട് താലൂക്ക് തഹസില്‍ദാര്‍ നവീന്‍ ഹുല്ലുര്‍.

കുടിവെള്ളത്തിനും കൃഷിയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന തടാകത്തിലെ വെള്ളം ഇപ്പോള്‍ ഒരു കാര്യത്തിനും നാട്ടുകാര്‍ ഉപയോഗിക്കുന്നില്ല. നിലവില്‍ മൂന്നുകിലോമീറ്ററോളം സഞ്ചരിച്ചാണ് ഗ്രാമവാസികള്‍ കുടിവെള്ളം കൊണ്ടുവരുന്നത്. അതുകൊണ്ടുകൂടിയാണ് തടാകം വറ്റിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയതെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുദിവസത്തിനുള്ളില്‍ തന്നെ തടാകത്തിലെ വെള്ളം പൂര്‍ണമായും വറ്റിച്ചു കഴിയും. അഞ്ചു ദിവസത്തിനുള്ളില്‍ മലപ്രഭാ ഡാമില്‍ നിന്നുള്ള വെള്ളം തുറന്നുവിട്ട് വീണ്ടും തടാകം നിറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16

