രാജസ്ഥാനില്‍ ഇ.വി.എം റോഡില്‍
ദേശീയപാതയിലായാണ് ഇ.വി.എം കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം വഴിയില്‍ കണ്ടെത്തി. സംഭവത്തില്‍ അനാസ്ഥയാരോപിച്ച് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രാജസ്ഥാനില്‍ ബാരന്‍ ജില്ലയിലെ ഷഹബാദിലാണ് ഒരു ഇ.വി.എം യൂണിറ്റ് റോഡുവക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കിഷന്‍ ഗഞ്ച് നിയമസഭ മണ്ഡലത്തിലാണ് ഷഹബാദ്. ഇന്നലെ പോളിങ്ങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് പോകുന്ന വഴിയിലാണ് യന്ത്രം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് വീണതാകാമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വിശദീകരണം. കൃത്യവിലോപത്തിന് പോളിങ് ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വോട്ടുയന്ത്രം പിന്നീട് കിഷന്‍ഗഞ്ചില്‍ സ്ട്രോങ് റൂമിലേക്ക് മാറ്റി.
ഇന്നലെ പോളിങ് പുരോഗമിക്കവെ തന്നെ അജ്മീര്‍ ജില്ലയിലെ വീട്ടില്‍ ഇ.വി.എം ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വീണ്ടും ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ഇന്നലെ പോളിങ് നടക്കുമ്പോള്‍ തന്നെ രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
മോദിയുടെ കാലത്ത് ഇ.വി.എമ്മുകള്‍ക്ക് അത്ഭുതകരമായ കഴിവുണ്ടെന്നും യന്ത്രങ്ങള്‍ സ്വയം ഇറങ്ങി നടക്കുമെന്നും പരിഹസിച്ച രാഹുല്‍ അട്ടിമറി സംഭവിക്കാതിരിക്കാന്‍ ജാഗ്രത കാട്ടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. മധ്യപ്രദേശില്‍ പോളിങ്ങിന് ശേഷം ഇ.വി.എമ്മുകള്‍ ഹോട്ടലിലും നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തിലും കണ്ടെത്തിയത് വിവാദമായിരുന്നു.
Adjust Story Font
16

