Quantcast

ബുലന്ദ്ശഹര്‍; പ്രതിയായ സൈനികനെ യു.പി പോലീസിന് കൈമാറി

MediaOne Logo

Web Desk

  • Published:

    9 Dec 2018 7:50 AM GMT

ബുലന്ദ്ശഹര്‍; പ്രതിയായ സൈനികനെ യു.പി പോലീസിന് കൈമാറി
X

ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ സൈനികന്‍ ജിതേന്ദ്ര മലിക്കിനെ സൈന്യം പോലീസിന് കൈമാറി. അക്രമങ്ങളുടെ പുറത്ത് വന്ന വീഡിയോകളില്‍ പലതിലും ജിതേന്ദ്ര മലികിനെ കണ്ടതാണ് കേസില്‍ നിര്‍ണ്ണായകമായത്. ചോദ്യം ചെയ്യുന്നതിനായി പോലീസ് ജിതേന്ദ്ര മലിക്കിനെ ഉത്തര്‍പ്രദേശില്‍ എത്തിച്ചു.

അക്രമങ്ങളുടെ പുറത്ത് വന്ന വീഡിയോകളില്‍ പോലീസിനെതിരെ കല്ലെറിയുന്ന ആള്‍ക്കൂട്ടത്തില്‍ ജിതേന്ദ്ര മലിക്കിനെ പോലീസിനെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അക്രമം നടന്ന ദിവസം സൈനികന്‍‌ ബുലന്ദ്ഷഹറില്‍ അവധിക്കെത്തിയിരുന്നുവെന്ന തെളിവും ലഭിച്ചത്. എന്നാല്‍ സംഭവത്തിന് ശേഷം ജിതേന്ദ്ര മലിക്ക് ജമ്മുകാശ്മീരിലേക്ക് രക്ഷപ്പെടുകയായിരുന്നു . പിന്നീട് സോപോറിലെ 22 രാഷ്ട്രീയ റൈഫിള്‍സ് ആര്‍മി ക്യാപില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ സൈനീകനെ കൈമാറാമെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട സുബോധ്കുമാറിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടത് പുരികത്തിന് മുകളിലാണ് വെടിയേറ്റതെന്നാണ് പറയുന്നത്. അതേ സമയത്ത് കൊല്ലപ്പട്ട സുമിതിന്‍റെയും സുബോധ് കുമാറിന്‍റെയും പരിക്ക് സമാന സ്വഭാവമുള്ളതാണ്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ജിതേന്ദ്ര മലിക്കാണ് വെടിയുതിര്‍ത്തതെന്നാണ് പോലീസിന്‍റെ അനുമാനം.

എന്നാല്‍ അക്രമം നടത്തിയതിലെ പ്രധാന പ്രതിയായ ബജ്രംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ വൈകാതെ പിടികൂടുമെന്ന് അന്വേഷണംസംഘം പറഞ്ഞു. വ്യാപകമായ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ബുലന്ദ്ഷഹര്‍ അക്രമങ്ങളില്‍ നടപടിക്കായി നിര്‍ദേശം നല്‍കിയത്. കൃത്യവിലോപത്തിന് ബുലന്ദ്ഷഹര്‍ എസ്.എസ്.പി അടക്കം മൂന്ന് പോലീസ് ഉദ്യോസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

TAGS :

Next Story