Quantcast

യോഗിയുടെ ഗോവധ നിരോധന സ്വപ്‌നങ്ങള്‍ക്ക് ചില പൊലീസുകാര്‍ തടസ്സം നില്‍ക്കുന്നുവെന്ന് ബി.ജെ.പി എം.പി

പശുക്കൊലയും പശക്കടത്തും തടയുന്നതില്‍ സുബോധ് കുമാര്‍ നടപടിയെടുത്തില്ലേ എന്ന് അന്വേഷിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    10 Dec 2018 11:24 AM IST

യോഗിയുടെ ഗോവധ നിരോധന സ്വപ്‌നങ്ങള്‍ക്ക് ചില പൊലീസുകാര്‍ തടസ്സം നില്‍ക്കുന്നുവെന്ന് ബി.ജെ.പി എം.പി
X

ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ സുബോധ് കുമാറിനെ കുറ്റപ്പെടുത്തി ബി.ജെ.പി മീററ്റ് എം.പി രാജേന്ദ്ര അഗര്‍വാള്‍ രംഗത്ത്. പശുക്കൊലയും പശക്കടത്തും തടയുന്നതില്‍ സുബോധ് കുമാര്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അന്വേഷിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോവധ നിരോധന സ്വപ്നത്തിന് ചില ഓഫീസര്‍മാരും പൊലീസുകാരും തടസ്സം നില്‍ക്കുകയാണെന്നും രാജേന്ദ്ര അഗര്‍വാള്‍ കുറ്റപ്പെടുത്തി.

"ഡിസംബര്‍ 3ന് സിയാന സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട ആക്രമണം ദു:ഖകരമാണ്. പക്ഷെ പശുക്കടത്തുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാവുന്നതിന് മുമ്പ് സിയാന പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കപ്പെട്ട എഫ്.ഐ.ആറില്‍ ഓഫീസര്‍ എന്തുകൊണ്ട് നടപടി എടുത്തില്ലെന്നത് അന്വേഷിക്കണം", അഗര്‍വാള്‍ പറഞ്ഞു.

ഗോവധം ഗുരുതര കുറ്റകൃത്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് സിയാന ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളുടെ കുറച്ചുകാലത്തെ പ്രവര്‍ത്തനം പരിശോധിക്കേണ്ടി വരും. ഗോവധമെന്ന ഭീഷണി ഒഴിവാക്കാന്‍ പൊലീസ് സ്റ്റേഷനുകള്‍ മുതല്‍ എല്ലാ തലത്തിലും പരിശോധന നടത്തണം. ബി.ജെ.പി സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ഓഫീസര്‍മാര്‍ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എം.പി ആരോപിച്ചു.

കലാപത്തെ ന്യായീകരിച്ച് ഇതിന് മുന്‍പും ബി.ജെ.പി ജനപ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. കലാപക്കേസിലെ ഒന്നാം പ്രതിയായ ബജ്‌റംഗദള്‍ നേതാവ് യോഗേഷ് രാജ് ചെയ്തത് മഹത്തായ, ആരുടെയും കണ്ണ് തുറപ്പിക്കുന്ന പ്രവൃത്തിയാണെന്നാണ് ബുലന്ദ്ശഹര്‍ എം.പി ഭോലാ റാം പറഞ്ഞത്. പൊലീസ് ഓഫീസറുടെ കൊലപാതകം ആകസ്മിക സംഭവമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിസ്സാരവല്‍ക്കരിച്ചു.

TAGS :

Next Story