ഊര്‍ജിത് പട്ടേലിന്‍റെ രാജി; മോദിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഉപദേശം
ഊര്‍ജിത് പട്ടേലിന്‍റെ രാജി രാജ്യത്തിന്‍റെ സമ്പദ് ഘടനയ്ക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. ഊര്‍ജിത് പട്ടേലിന്‍റെ രാജി രാജ്യത്തിന്‍റെ സമ്പദ് ഘടനയ്ക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടിയാകുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

പൊതുജന താല്‍പര്യം മാനിച്ച് ഊര്‍ജിത് പട്ടേലിനോട് തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്നും സ്വാമി പറഞ്ഞു. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെയെങ്കിലും ഊര്‍ജിത് പട്ടേല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്ത് തുടരണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ''ഊര്‍ജിത് പട്ടേലിന്‍റെ രാജി നമ്മുടെ സമ്പദ് ഘടനയ്ക്കും സര്‍ക്കാരിനും തിരിച്ചടിയാണ്. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ, ജൂലൈ വരെയെങ്കിലും അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ തുടരണം. വലിയ പൊതുജന താല്‍പര്യം മാനിച്ച് പ്രധാനമന്ത്രി അദ്ദേഹത്തെ വിളിക്കുകയും പ്രശ്നം തിരിച്ചറിഞ്ഞ് അദ്ദേഹത്തോട് തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെടണം.'' - സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

1990 ന് ശേഷം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെക്കുന്ന ആദ്യ ആര്‍.ബി.ഐ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍. 2019 സെപ്തംബറിലായിരുന്നു പട്ടേലിന്‍റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയുമായി നിലനിന്ന പലവിധ അഭിപ്രായ വ്യത്യാസങ്ങളുടെ തുടര്‍ച്ചയാണ് ഊര്‍ജിത് പട്ടേലിന്‍റെ രാജിപ്രഖ്യാപനം. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ മൂന്നിലൊന്ന് ഉപയോഗിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണെമെന്ന ആവശ്യത്തില്‍ ഊര്‍ജിത് പട്ടേല്‍ വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു.

റിസര്‍വ്ബാങ്കിന്‍റെ കൈവശമുള്ള 9.6 ലക്ഷം കോടി രൂപയില്‍ 3.6 ലക്ഷം കോടി രൂപ അധിക കരുതല്‍ ധനം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് മോദി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച റിസര്‍വ് ബാങ്ക് രാജ്യത്തിന്‍റെ കെട്ടുറപ്പ് റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ധനമാണെന്നും വ്യക്തമാക്കി. പല വിദേശരാജ്യങ്ങളിലെയും സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണം ഇത്തരത്തിലെ പ്രവര്‍ത്തനമാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ നിലപാട്. എന്നാല്‍ ഇതിന് പിന്നാലെ ആര്‍.എസ്.എസില്‍ നിന്ന് അടക്കം ഊര്‍ജിത് പട്ടേലിന് വിമര്‍ശനങ്ങള്‍ ഏറ്റു. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കേയാണ് റിസര്‍വ് ബാങ്കിന്‍റെ ഉന്നത സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേലിന്‍റെ നേരത്തെയുള്ള പടിയിറക്കം.
Adjust Story Font
16

