രാജസ്ഥാനില്‍ രണ്ട് സീറ്റില്‍ സി.പി.എം മുന്നില്‍
രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെതിരെ നടത്തിയകര്‍ഷക പ്രക്ഷോഭങ്ങളാണ് സി.പി.എമ്മിന് തുണയായത്...

രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ മുന്നിട്ടു നില്‍ക്കുന്നു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാനും ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാലുമാണ് വ്യക്തമായ മുന്‍തൂക്കം നേടിയിരിക്കുന്നത്. രാജസ്ഥാനിലെ വസുന്ധര രാജെ സര്‍ക്കാരിനെതിരെ നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ സി.പി.എം സംഘടിപ്പിച്ചിരുന്നു.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിനാവശ്യമായ 101 സീറ്റുകള്‍ നേടുമെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസ് 102 സീറ്റുകളിലും ബി.ജെ.പി 79 സീറ്റുകളിലും ബി.എസ്.പി മൂന്ന് സീറ്റിലും മറ്റുള്ളവര്‍ 15 സീറ്റുകളിലുമാണ് മുന്നിട്ടു നില്‍കുന്നത്.
1998 മുതല്‍ രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ചയുണ്ടായിട്ടില്ല. 2008ല്‍ സി.പി.എം രാജസ്ഥാനില്‍ ധോദ്, ദാന്തരാംഗഡ്, അനുപ്നഗര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി വലിയ നേട്ടമുണ്ടാക്കിയ 2013ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് രാജസ്ഥാനില്‍ തിരിച്ചടി നേരിട്ടു. 200 അംഗ നിയമസഭയില്‍ സി.പി.എം 28 സീറ്റുകളിലാണ് ഇത്തവണ മത്സരിച്ചത്.
കര്‍ഷക സമരങ്ങള്‍ വിജയിപ്പിക്കാനായതാണ് രാജസ്ഥാനില്‍ സി.പി.എമ്മിന് ഇത്തവണ നേട്ടമുണ്ടാക്കാനായതിന് പിന്നില്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സി.പി.എം കര്‍ഷക സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ പലതും ബി.ജെ.പിയുടെ വസുന്ധര രാജെ സര്‍ക്കാരിന് അംഗീകരിക്കേണ്ടി വന്നിരുന്നു.
Adjust Story Font
16

