തെലങ്കാനയില്‍ ടി.ആര്‍.എസ് കുതിക്കുന്നു; വീണ്ടും അധികാരത്തിലേക്ക്
ചന്ദ്രശേഖര റാവുവിന്‍റെ നേതൃത്വത്തില്‍ ടി.ആര്‍.എസ് അധികാരത്തിലേക്ക്

തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടി.ആര്‍.എസ് വീണ്ടും അധികാരത്തിലേക്ക്. 119 അംഗ നിയമസഭയില്‍ 90ല്‍ അധികം സീറ്റുകളില്‍ ടി.ആര്‍.എസ് ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാസഖ്യം 18 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വോട്ടിംഗില്‍ കൃത്രിമം നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.

കാലാവധി തീരുന്നതിന് മുമ്പ് നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടാനുള്ള തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവിന്റെ തീരുമാനം ശരിവെക്കുന്നതാണ് തെലങ്കാനയിലെ ജനവിധി. എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവെച്ച് ടി.ആര്‍.എസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. കഴിഞ്ഞ തവണ 63 സീറ്റില്‍ ജയിച്ച ടി.ആര്‍.എസ് മറ്റ് പാര്‍ട്ടികളിലെ എം.എല്‍.എമാരെക്കൂടി ചേര്‍ത്ത് അംഗബലം 82 ആക്കിയിരുന്നു. ഇതും മറികടക്കുന്ന മുന്നേറ്റമാണ് ഒറ്റക്ക് മത്സരിച്ച ടി.ആര്‍.എസ് നടത്തിയത്.

ടി.ഡി.പിയുമായി സഖ്യമുണ്ടാക്കി മത്സരിച്ച കോണ്‍ഗ്രസിനാകട്ടെ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. ഒറ്റക്ക് മത്സരിച്ച എ.ഐ.എം.ഐ.എം 6 സീറ്റിലും ബി.ജെ.പി ഒരു സീറ്റിലും മുന്നിലാണ്. ബഹുജന്‍ ഇടതുമുന്നണി രൂപീകരിച്ച് മത്സരിച്ച സി.പി.എമ്മിനും നേട്ടമുണ്ടായില്ല.
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി തെലങ്കാന പി.സി.സി അധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഢി രംഗത്തെത്തി. 22 ലക്ഷത്തോളം പേരെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റിയെന്നും കോണ്‍ഗ്രസ് പരാതിപ്പെട്ടിരുന്നു. വോട്ടര്‍പട്ടികയിലെ പിഴവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിവക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലും നിയമനടപടികള്‍ തുടരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
Adjust Story Font
16

