ബി.ജെ.പിയുടെ ദേശീയ ഭാരവാഹിയോഗം ഇന്ന് നടക്കും; തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രധാന ചര്‍ച്ചയാകും

ബി.ജെ.പിയുടെ ദേശീയ ഭാരവാഹിയോഗം ഇന്ന് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ബി.ജെ.പി എം.പിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് സൂചന.
നേരത്തെ തീരുമാനിച്ചിരുന്ന യോഗമായിരുന്നുവെങ്കിലും ചര്‍ച്ചാ വിഷയങ്ങള്‍ മാറ്റേണ്ട സാഹചര്യമാണ് ബി.ജെ.പിക്കിപ്പോള്‍. അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നില്‍ പോലും പാര്‍ട്ടിക്ക് പറഞ്ഞ് നില്‍ക്കാനുള്ള വിജയമില്ല. തോല്‍വിയുടെ കാരണങ്ങളും വീഴ്ചകളും സംബന്ധിച്ച് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. മോദി തരംഗത്തിന് തിരിച്ചടിയേറ്റതാണ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം. രാമക്ഷേത്രം വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ സജീവമാക്കേണ്ടിവന്നത് 2019 ല്‍ തിരിച്ചടിയാകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഒപ്പം തീവ്ര ഹിന്ദുത്വ പ്രചരണത്തിനായി യോഗി ആദിത്യനാഥിനെ ഇറക്കിയതിലും വലിയ പിഴവ് സംഭവിച്ചുവെന്നതും പാര്‍ട്ടിയെ ചിന്തിപ്പിക്കുന്നുണ്ട്. വൈകിട്ട് ചേരുന്ന യോഗം രാത്രി വരെ നീളും. പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി എം.പിമാരുടെ യോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കുമെന്നാണ് സൂചന. അതിന് ശേഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് ദേശീയ ഭാരവാഹിയോഗം ചേരുന്നത്.
Adjust Story Font
16

