Quantcast

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രി

രാജസ്ഥാന്റെ ചുമതലയുള്ള കെ.സി വേണുഗോപാലായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തൊട്ട് പിന്നാലെ സച്ചിന്‍ പൈലറ്റെത്തി. അശോക് ഗഹ്ലോട്ടും..

MediaOne Logo

Web Desk

  • Published:

    14 Dec 2018 8:17 AM IST

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ മധ്യപ്രദേശില്‍ കമല്‍നാഥ്  മുഖ്യമന്ത്രി
X

നാടകീയതയും അനിശ്ചിതത്വവും മുറ്റി നിന്ന മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിശ്ചയിച്ചത്. തുടര്‍ച്ചയായ കൂടിയാലോചനകള്‍ക്ക് ശേഷവും രാജസ്ഥാനിലെയും ഛത്തിസ്ഗഢിലെയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞതുമില്ല.

രാജസ്ഥാന്റെ ചുമതലയുള്ള കെ.സി വേണുഗോപാലായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തൊട്ട് പിന്നാലെ സച്ചിന്‍ പൈലറ്റെത്തി. അശോക് ഗഹ്ലോട്ടും. അധിക സമയം പിന്നിട്ടില്ല. പ്രസന്നമല്ലാത്ത മുഖഭാവത്തോടെ സച്ചിന്‍ പൈലറ്റ് തിരിച്ചിറങ്ങി. അടുത്ത ഘട്ടത്തിന് തുടക്കമിട്ടത് മധ്യപ്രദേശിന്റെ ചുമതലയുള്ള എ.കെ ആന്റണി. ജോതിരാധിത്യ സിന്ധ്യയും പിന്നാലെ എത്തി. സോണിയാ ഗാന്ധിയും പ്രിങ്കയും ഇതനിടെ രാഹുലിന്റെ വസതിയിലേക്ക് കയറിപ്പോയി. മൂന്ന് മണിക്കൂറ്‍ പിന്നിട്ടപ്പോഴാണ് കമല്‍നാഥെത്തിയത്. ‌

പിന്നെയും അനിശ്ചിതത്വം തുടര്‍ന്നു. ഇടക്ക് പ്രതിഷേധവുമായി യുവാക്കളും. അവസാനം ഛത്തീസ്ഗഢിന്റെ ചുമതലയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധികം നീണ്ടില്ല ചര്‍ച്ച. ബാക്കി നാളെ എന്ന് പറഞ്ഞ് മടങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതോടെ അണികളും അക്ഷമരായി. നേതാക്കള്‍ക്കായി ചേരി തിരിഞ്ഞ് തൊണ്ട പൊട്ടി മുദ്രാവാക്യം വിളി.

രാജസ്ഥാനില്‍ പ്രതിഷേധം തെരുവിലേക്കും നീണ്ടു. ചര്‍ച്ച പൂര്‍ത്തിയാക്കി നേതാക്കള്‍ മടങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഡല്‍ഹിയില്‍ നിന്ന് നേതാക്കള്‍ ഭോപ്പാലില്‍ മടങ്ങിയെത്തി നാല് മണിക്ക് നിശ്ചയിച്ച യോഗം തുടങ്ങിയത് രാത്രി പത്തരക്ക്. പാതിരാത്രി ഔദ്യോഗിക പ്രഖ്യാപനം നടക്കുമ്പോള്‍ തെരുവില്‍ സിന്ധ്യക്ക് വേണ്ടി മുറവിളി കൂട്ടിയ അണികളെല്ലാം കോണ്‍ഗ്രസ് ആസ്ഥാനം വിട്ടിരുന്നു.

TAGS :

Next Story