Quantcast

കമൽ നാഥും കൂട്ടക്കൊലപാതകത്തിന്റെ കറുത്ത ഓർമ്മകളും

കമൽ നാഥ് 1984ലെ സിഖ് കൂട്ടക്കൊലയിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾ നാമനിർദ്ദേശത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    14 Dec 2018 9:27 AM GMT

കമൽ നാഥും കൂട്ടക്കൊലപാതകത്തിന്റെ കറുത്ത ഓർമ്മകളും
X

മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയെടുക്കാൻ തയ്യാറെടുക്കുന്ന മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിലവിലെ തലവൻ കമൽ നാഥ് 1984ലെ സിഖ് കൂട്ടക്കൊലയിൽ വഹിച്ച പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഈ നാമനിർദ്ദേശത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.

15 വർഷങ്ങൾ നീണ്ട ബി.ജെ.പി ഭരണത്തിനു ശേഷം മധ്യപ്രദേശിൽ ഭരണം കൈപ്പിടിയിലാക്കിയ കോൺഗ്രസ് രണ്ടു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം ഒടുവിൽ കമൽ നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ജോതിരാദിത്യ സിന്ധ്യയുടെയും ദിഗ്‍വിജയ് സിംഗിന്റെയും കൂടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ നാഥ് ചിന്ദ്വാര മണ്ഡലത്തിൽ നിന്ന് ഒമ്പത് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ലോക്സഭയിലെ തന്നെ ഏറ്റവും മുതിർന്ന അംഗങ്ങളിൽ ഒരാൾ കൂടിയാണ് ഈ 72 വയസുകാരന്‍.

കേന്ദ്ര മന്ത്രിയുടേതടക്കം പല ഉന്നത പദവികളും വഹിച്ചിട്ടുണ്ടെങ്കിലും നിരവധി ഇരുണ്ട അധ്യായങ്ങളും കൂടി ചേർന്നതാണ് ഈ നീണ്ട രാഷ്ട്രീയ ജീവിതം. നാഥിന്റെ മേൽ 1984ലെ സിഖ് കൂട്ടക്കൊലയുടെ തീരാത്ത കറ നിലനിൽക്കുന്നുണ്ട്. ഇങ്ങനെയൊരു വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പുറത്തും പ്രതിഷേധമുയർന്നു വരുന്നുണ്ട്.

പാർലമെന്റിനു തൊട്ടടുത്തുള്ള രഖബ് ഗഞ്ജ് ഗുരുദ്വാരയിൽ രണ്ട് സിഖുകാർ ജീവനോടെ കത്തിയമർന്നപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നതായി കമൽ നാഥ് സ്വയം സമ്മതിച്ചിട്ടുണ്ട്.

1984ലെ സംഭവങ്ങളിലെ നാഥിന്റെ പങ്കാളിത്തത്തെക്കുറിച്ച് 2007ൽ പുറത്തിറങ്ങിയ ‘വെൻ എ ട്രീ ഷുക്ക് ഡൽഹി’ എന്ന പുസ്തകത്തിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷകനായ എച്ച്.എസ് ഫുൽക്കയും മനോജ് മിത്തയും ചേർന്ന് രചിച്ച പുസ്തകം കലാപത്തെയും അതിന്റെ അനന്തരഫലങ്ങളെയും ആഴത്തിൽ അവലോകനം ചെയ്യുന്നുണ്ട്.

പാർലമെന്റിനു തൊട്ടടുത്തുള്ള രഖബ് ഗഞ്ജ് ഗുരുദ്വാരയിൽ രണ്ട് സിഖുകാർ ജീവനോടെ കത്തിയമർന്നപ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നതായി കമൽ നാഥ് സ്വയം സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു കലാപത്തിനിടയിലുണ്ടായിരുന്ന തന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു രാഷ്ട്രീയ നേതാവ് തുറന്നു സമ്മതിക്കുന്നതെന്ന് പുസ്തകത്തിന്റെ രചയിതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്ന് മധ്യപ്രദേശിലെ ഉയർന്നു വരുന്ന നേതാക്കളിലൊരാളായിരുന്നു പാർലമെന്റ് അംഗമായിരുന്ന കമൽ നാഥ്. അഞ്ചു മണിക്കൂറോളം ഗുരുദ്വാരക്കു നേരെ കലാപകാരികൾ ആക്രമണം അഴിച്ചുവിട്ടപ്പോൾ അതിൽ രണ്ട് മണിക്കൂറും നാഥ് അവിടെയുണ്ടായിരുന്നു എന്നതിന്, അന്നത്തെ പോലീസ് കമ്മീഷണർ സുഭാഷ് ടൺഠനും അഡീഷണൽ കമ്മീഷണർ ഗൗതം കൌളും ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെ റിപ്പോർട്ടറായിരുന്ന സഞ്ജയ് സുരിയും സാക്ഷികളാണ്. കലാപത്തിൽ പേരു ചേർക്കപ്പെട്ടിട്ടുള്ള മറ്റു കോൺഗ്രസ് എം.പിമാരായ എച്ച്.കെ.എൽ ഭഗത്, ജഗദീഷ് ടൈറ്റ്‍ലര്‍, സജ്ജൻ കുമാർ, ധറം ദാസ് ശാസ്ത്രി എന്നിവർക്കെതിരെയുള്ള മൊഴികൾ നൽകിയത് കലാപത്തിന്റെ ഇരകളാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ നാഥിനെതിരെയുള്ള ആരോപണങ്ങൾ കുറെ കൂടി ശക്തമാണ്.

കലാപത്തെക്കുറിച്ച് അന്വേഷിച്ച മിശ്ര, നാനാവതി കമ്മീഷനുകൾക്കു മുന്നിൽ നൽകിയ മൊഴികളിൽ നാഥിന്റെ പങ്കിനെക്കുറിച്ച് സഞ്ജയ് സുരി വ്യക്തമായി വിവരിക്കുന്നുണ്ട്. നാഥ് അവിടെയുണ്ടായിരുന്നുവെന്ന് മാത്രമല്ല, കലാപകാരികളെ നയിക്കുകയായിരുന്നുവെന്നും എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അവർ നാഥിനോട് നിർദ്ദേശം തേടിക്കൊണ്ടിരുന്നുവെന്നും മൊഴിയിൽ പറയുന്നു. രണ്ട് സിഖുകാരുടെ ദേഹങ്ങൾ വഴിയരികിൽ കത്തിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവങ്ങളത്രയും അരങ്ങേറുന്നതെന്നും സുരി പറയുന്നുണ്ട്. കലാപകാരികൾ തീ വെക്കുന്നത് തടയാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് രാഷ്ട്രീയക്കാർ മുടക്കം നിന്നിരുന്നതായി അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പല പോലീസുകാരും ആരോപിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് താൻ സ്ഥലത്തെത്തിയതെന്ന് നാഥ് പറഞ്ഞതായി കമ്മീഷണർ ടൺഠനും അഡീഷനൽ കമ്മീഷണർ കൌളും മൊഴി നൽകിയിട്ടുണ്ട്. രണ്ട് ദശകങ്ങൾക്കു ശേഷം അന്ന് മൻമോഹൻ സിങ് സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന കമൽ നാഥിനെ നാനാവതി കമ്മീഷൻ വിളിപ്പിക്കുകയും തന്റെ സാന്നിധ്യം നാഥ് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സഞ്ജയ് സുരിയും ആക്രമിക്കപ്പെട്ടവരിൽ ഒരാളായ മുഖ്തിയാർ സിങും ആരോപിച്ചതു പോലെ താൻ കലാപകാരികളെ നയിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്നും നാഥ് വിശദീകരിച്ചു.

നാഥ് അവിടെയുണ്ടായിരുന്നുവെന്ന് മാത്രമല്ല, കലാപകാരികളെ നയിക്കുകയായിരുന്നുവെന്നും എന്തു ചെയ്യണമെന്നതിനെക്കുറിച്ച് അവർ നാഥിനോട് നിർദ്ദേശം തേടിക്കൊണ്ടിരുന്നുവെന്നും മൊഴിയിൽ പറയുന്നു

എന്നാൽ ഈ വിശദീകരണം കമ്മീഷനു തൃപ്തികരമായി തോന്നിയില്ല. രണ്ടു മണിക്കൂറോളം ഗുരുദ്വാരയുടെ മുന്നിൽ ചെലവഴിക്കാനുള്ള കാരണമെന്താണെന്നോ അവിടെയുള്ള പോലീസുകാരുമായി സംവദിക്കാതിരുന്നതെന്തു കൊണ്ടാണെന്നോ വ്യക്തമാക്കാൻ നാഥിന് സാധിച്ചില്ല. സംശയത്തിന്റെ ആനുകൂല്യം കൊണ്ടു മാത്രമാണ് അന്ന് നാഥ് കുറ്റക്കാരനായി സ്ഥാപിക്കപ്പെടാതിരുന്നതെന്നും പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു.

സംഭവം നടന്നിട്ട് 20 വർഷത്തോളമായതിനാൽ അന്ന് എന്തു കൊണ്ടാണ് അവിടെ പോയതെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തത ഇല്ലായിരിക്കാമെന്നാണ് നാഥിനെ വെറുതെ വിട്ടതിന് കമ്മീഷൻ നൽകിയ ഒരു വിശദീകരണം. എന്നാൽ ഇതേ സാഹചര്യങ്ങളിലുണ്ടായിരുന്ന മറ്റു നേതാക്കൾക്ക് ഈ ഇളവ് കമ്മീഷൻ നൽകിയില്ല എന്നതും കൌതുകകരമാണ്.

മാധ്യമപ്രവർത്തകൻ സഞ്ജയ് സുരി ചിലയിടങ്ങളിൽ നാഥ് കലാപകാരികളെ തടയാനും പിരിച്ചുവിടാനുമുള്ള ശ്രമങ്ങൾ നടത്തി എന്ന് മൊഴി നൽകിയതും അദ്ദേഹത്തിന് അനുകൂലമായി. എന്നാൽ ‘കോൺഗ്രസ് നേതാവ് കമൽ നാഥ് നയിച്ച 4000ത്തോളം വരുന്ന ആളുകൾ’ എന്നും ‘നാഥ് ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയും അവർ അദ്ദേഹത്തോട് നിർദ്ദേശങ്ങൾ ചോദിക്കുകയും ചെയ്തു’ എന്നും സുരി വ്യക്തമായി വിശദീകരിച്ച ഭാഗങ്ങൾ കമ്മീഷൻ പരിഗണനയിലെടുത്തില്ല.

പകരം സംഭവസ്ഥലത്തുണ്ടായിരുന്ന എറ്റവും താഴ്ന്ന സ്ഥാനത്തുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്ന രാകബ് ഗഞ്ജിനെയും അദ്ദേഹത്തിന്റെ കോൺസ്റ്റബിൾമാരെയും കുറ്റപ്പെടുത്തുകയാണ് കമ്മീഷൻ ചെയ്തത്. കമ്മീഷണറടക്കം മുതിർന്ന ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നിട്ടും ആക്രമണങ്ങൾ തടയാത്തതിന്റെയും കലാപകാരികളിൽ ഒരാൾ പോലും ശിക്ഷിക്കപ്പെടാത്തതിന്റെയും ഉത്തരവാദിത്വം ഗഞ്ജിൽ മാത്രം എങ്ങനെ ഒതുങ്ങിയെന്ന് കമ്മീഷൻ വിശദീകരിച്ചില്ല.

കലാപം നടന്ന സ്ഥലത്തെ അദ്ദേഹത്തിന്റെ സാന്നിധ്യവും ഗുരുതരമായ നിലയിൽ കിടന്നിരുന്ന സിഖുകാരെ രക്ഷിക്കാൻ അദ്ദേഹം ഒരു ശ്രമവും നടത്തിയില്ല എന്ന വാസ്തവവും സിഖുകാർക്കെതിരെ പൊലീസും ആൾക്കൂട്ടവും നടത്തിയ അതിക്രമങ്ങൾക്കു നേരെ അദ്ദേഹം കണ്ണടച്ചു എന്നതും കമൽ നാഥിനെതിരെ ഒരു സി.ബി.ഐ അന്വേഷണം ഉത്തരവിടാൻ കമ്മീഷന് കാരണമാക്കാമായിരുന്നു. നാഥിലൂടെ അന്ന് നടന്ന ആക്രമണങ്ങൾക്കു പിന്നിലെ വൻ ഗൂഢാലോചന മറനീക്കി കൊണ്ടുവരാനും ചിലപ്പോൾ അവർക്ക് സാധിച്ചേക്കുമായിരുന്നു.

മധ്യപ്രദേശിനെ പിടിച്ചുലച്ച വ്യാപം വിവാദം കോൺഗ്രസ് കൂടുതൽ ഉയർത്തിക്കൊണ്ടുവരാത്തതിനു പിന്നിലെ കാരണങ്ങളിലൊന്നും കമൽ നാഥാണ്

ഇന്നും വിവാദങ്ങൾ ഈ രാഷ്ട്രീയക്കാരന് പുത്തരിയല്ല. വ്യവസായിയായ ഗൌതം അദാനിയുമായുള്ള നാഥിന്റെ ബന്ധവും ചിന്ദ്വാര മണ്ഡലത്തിലെ അദാനിയുടെ വൈദ്യുദോൽപാദന പ്ലാന്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മുമ്പ് വാർത്തയായതാണ്. മധ്യപ്രദേശിനെ പിടിച്ചുലച്ച വ്യാപം വിവാദം കോൺഗ്രസ് കൂടുതൽ ഉയർത്തിക്കൊണ്ടുവരാത്തതിനു പിന്നിലെ കാരണങ്ങളിലൊന്നും കമൽ നാഥാണ്.

TAGS :

Next Story