റഫാലിലെ കോടതിവിധി: സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാമര്‍ശം ചോദ്യംചെയ്ത് രാഹുല്‍
റഫാല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിക്കായി പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും ഇത് തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ സുപ്രീംകോടതി വിധിയില്‍ സി.എ.ജി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാമര്‍ശം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വില സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് കൈമാറിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്‍റിന്‍റെ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് നല്‍കിയെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വെച്ചുവെന്നുമാണ് വിധിന്യായത്തിന്‍റെ ഇരുപത്തൊന്നാം പേജിലെ പരാമര്‍ശം. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് കണ്ടിട്ടേയില്ലെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

റഫാല്‍ വിധി വന്ന ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് രാഹുല്‍ ഗാന്ധി വിധിന്യായത്തിലെ മൂന്ന് വരികള്‍ ചൂണ്ടിക്കാട്ടിയത്. റഫാല്‍ ഇടപാട് സംബന്ധിച്ചും നോട്ടുനിരോധം സംബന്ധിച്ചുമുള്ള സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ ഇടപെടല്‍ മൂലം വൈകുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് റഫാല്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന പരാമര്‍ശം സുപ്രീംകോടതി വിധിയില്‍ ഇടംപിടിച്ചത്. സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച പരാമര്‍ശം ഗൌരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധി ഇതിനെ മാധ്യമങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്നതിനെയും വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതി വിധിയെങ്കിലും പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം വീണ്ടും കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. റഫാല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിക്കായി പ്രധാനമന്ത്രി അഴിമതി നടത്തിയെന്നും ഇത് തെളിയിക്കുമെന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.
Adjust Story Font
16

