റഫാല്‍ ഇടപാടില്‍ ഭാഷാപ്രയോഗം കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് നിര്‍മല സീതാരാമന്‍; പ്രതിരോധമന്ത്രിയുടെ വാദങ്ങള്‍ ഇങ്ങനെ...
റഫാല്‍ വിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന സുപ്രിംകോടതി വിധിയിലെ പരാമര്‍ശം സര്‍ക്കാരിനെതിരെ ആയുധമാക്കിയ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു പ്രതിരോധ മന്ത്രി.

റഫാല്‍ ഇടപാടില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഭാഷാപ്രയോഗം വ്യാഖ്യാനിച്ചതിലെ പിഴവാണ് കോടതിക്കുണ്ടായതെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. വിഷയത്തില്‍ ലോക്സഭയില്‍ കോണ്‍ഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. റഫാലില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി.

റഫാല്‍ വിമാന ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന സുപ്രിംകോടതി വിധിയിലെ പരാമര്‍ശം സര്‍ക്കാരിനെതിരെ ആയുധമാക്കിയ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു പ്രതിരോധ മന്ത്രി. കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സി.എ.ജി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിടത്തെ ഭാഷാപ്രയോഗം കോടതി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും നിര്‍മല വിശദീകരിച്ചു.

റഫാല്‍ വിഷയംമൂലം ലോക്സഭ ചോദ്യോത്തര വേള ബഹളത്തില്‍ മുങ്ങി. സി.എ.ജി റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് പാര്‍ലമെന്റില്‍ വെക്കാത്തതിനെതിരെ കോണ്‍ഗ്രസ് എം.പി സുനില്‍ താക്കര്‍ ലോക്സഭയില്‍ അവകാശ ലംഘന നോട്ടീസ് നവല്‍കി. പ്രധാനമന്ത്രിയെക്കുറിച്ച് കള്ളം പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി അംഗങ്ങളും ബഹളം വെച്ചു. 12 മണിക്ക് വീണ്ടും സമ്മേളിച്ചപ്പോള്‍ അവകാശ ലംഘന നോട്ടീസ് പരിഗണനയിലുണ്ടെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. എന്നാല്‍ മേക്കെദാതു അണക്കെട്ടിനെതിരെ എ.ഐ.ഡി.എം.കെ എം.പി മാരും ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും ബഹളം വെച്ചതോടെ സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭ ബഹളത്തെത്തുടര്‍ന്ന് ഇന്നത്തേക്ക് പിരിഞ്ഞു.
Adjust Story Font
16

