അധികാരമേറ്റതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ് സര്‍ക്കാര്‍
മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് മുന്‍തൂക്കമെന്ന് കമല്‍നാഥ്.

മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. രണ്ട് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളിയത്. മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ട് മണിക്കൂറിനുള്ളിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റത്തിന് പിന്നാലെ വാഗ്ദാനം പാലിച്ചു. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്‍റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനാണ് മുന്‍തൂക്കം നല്‍കുകയെന്ന് കമല്‍നാഥ് വ്യക്തമാക്കി.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതിന്‍റെ സന്തോഷം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചു. ഒരിടത്ത് പൂര്‍ത്തിയായി. ഇനി രണ്ട് സംസ്ഥാനങ്ങളില്‍ കൂടി നടപ്പാക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയത്. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യത്തിലാണ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്തത്. രാഹുല്‍ ഗാന്ധി ചടങ്ങില്‍ പങ്കെടുത്തു. ശരത് യാദവ്, ശരത് പവാര്‍, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, എ.കെ സ്റ്റാലിന്‍, തേജസ്വി യാദവ്, ഫാറൂഖ് അബ്ദുല്ല എന്നിങ്ങനെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16

