ബി.ജെ.പിക്കെതിരായ സഖ്യ നീക്കത്തിന് ഊര്‍ജ്ജം പകര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങ്
ബി.ജെ.പി വിരുദ്ധ പക്ഷത്തെ പാര്‍ട്ടി നേതാക്കളുടെ അനൌപചാരിക ഒത്തുചേരലായി സത്യപ്രതിജ്ഞ ചടങ്ങ്

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്‍ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി വിരുദ്ധ പക്ഷത്തെ പാര്‍ട്ടി നേതാക്കളുടെ അനൌപചാരിക ഒത്തുചേരലായി സത്യപ്രതിജ്ഞ ചടങ്ങ്. മായാവതിയും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും ചടങ്ങുകളില്‍ പങ്കെടുത്തില്ല.
പ്രതിപക്ഷ സഖ്യ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജവും ആവേശവും പകരുന്നതായിരുന്നു മൂന്ന് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞ ചടങ്ങുകള്‍. ആദ്യം രാജസ്ഥാനില്‍. ജയ്പൂരില്‍ നടന്ന പ്രൌഢമായ ചടങ്ങില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും അധികാരമേറ്റു.
സാക്ഷികളാകാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും പുറമെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ജനതാദള്‍ സെക്യുലര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൌഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, ലോക് താന്ത്രിക് ദളിന്റെ ശരത് യാദവ് തുടങ്ങിയവരുടെ നീണ്ട നിര. തുടര്‍ന്ന് ഗെലോട്ടും സച്ചിനുമുള്‍പ്പെടെ നേതാക്കള്‍ ഒരേ വിമാനത്തില്‍ ഭോപ്പാലിലേക്ക്.
ഉച്ചക്ക് മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥിന്റെ സത്യപ്രതിജ്ഞ. അതിഥിമാരുടെ കൂട്ടത്തില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും ചേര്‍ന്നു. രണ്ട് ലക്ഷം വരെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി മുഖ്യമന്ത്രിയായി കമല്‍നാഥിന്റെ ആദ്യ ഉത്തരവ്. സിഖ് കലാപത്തിലെ പങ്ക് ആരോപിച്ച് ഭോപ്പാലില്‍ കമല്‍നാഥിനെതിരെ അകാലിദള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വൈകിട്ടായിരുന്നു ചത്തീസ്‍ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബഗേലിന്റെ സത്യപ്രതിജ്ഞ. അനാരോഗ്യം മൂലം മായാവതിയും സ്വകാര്യ ചടങ്ങുകള്‍ മൂലം അഖിലേഷ് യാദവും മമത ബാനര്‍ജിയും വിട്ടുനിന്നതായാണ് വിശദീകരണം. അരവിന്ദ് കെജ്‍രിവാള്‍ പങ്കെടുത്തില്ലെങ്കിലും പ്രമുഖ നേതാവ് സഞ്ജയ് സിങിനെ പ്രതിനിധിയായി അയച്ചിരുന്നു.
Adjust Story Font
16

