Quantcast

ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ഡൽഹി ഗവൺമെന്റ് പുരസ്‌കാരം

ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഫൗണ്ടേഷൻ്റെ മാതൃകാപരമായ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് മുമ്പും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനെ തേടി അംഗീകാരങ്ങൾ വന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    18 Dec 2018 7:22 PM IST

ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ഡൽഹി ഗവൺമെന്റ് പുരസ്‌കാരം
X

ഇന്ത്യൻ ഗ്രാമങ്ങളിലെ പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷജനതയുടെ ക്ഷേമവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡൽഹി ആസ്ഥാനമായ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ഡൽഹി ഗവണ്മെന്റിൻ്റെ അംഗീകാരം. ഡൽഹിയിൽ പ്രവർത്തിക്കുന്ന മികച്ച നോൺ-ഗവണ്മെന്റ് ഓർഗനൈസേഷൻ (എൻ.ജി.ഒ)നുള്ള ഡൽഹി ന്യൂനപക്ഷ കമ്മീഷൻ്റെ പുരസ്‌കാരമാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് ലഭിച്ചത്.

ദൽഹി വിഗ്യാൻ ഭവനിൽ വച്ചുനടന്ന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ: സഫറുൽ ഇസ്‌ലാം ഖാനിൽ നിന്നും ഫൗണ്ടേഷൻ സെക്രട്ടറി റഫീഖ് അഹ്‌മദ്‌, സി.ഇ.ഒ നൗഫൽ പി.കെ എന്നിവർ ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ അനസ്താസിയ ഗിൽ, കർതാർ സിങ് കോച്ചാർ എന്നിവർ സന്നിഹിതരായിരുന്നു. ഡൽഹി നിയമസഭാ സ്‌പീക്കർ രാം നിവാസ് ഗോയെൽ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു

ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഫൗണ്ടേഷൻ്റെ മാതൃകാപരമായ സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് മുമ്പും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷനെ തേടി അംഗീകാരങ്ങൾ വന്നിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും സ്വയം ശാക്തീകരണവുമാണ് ഫൗണ്ടേഷൻ്റെ ലക്‌ഷ്യം.

ഡല്‍ഹി ആസ്ഥാനമായി 2006 ല്‍ രൂപീകരിക്കപ്പെട്ട ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആദ്യഘട്ടത്തില്‍ പത്ത് വർഷത്തെ പദ്ധതികളാണ് വിഷൻ 2016 എന്ന പേരിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയത്. സച്ചാർ കമീഷൻ റിപ്പോർട്ടാനന്തരം ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളെക്കുറിച്ച് വിശദമായ പഠനത്തിനു ശേഷം തയാറാക്കിയ ‘വിഷന്‍ 2016' ന് ഡോ.അബ്ദുല്‍ ഹഖ് അന്‍സാരി, പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍, സയ്യിദ് ഹാമിദ് തുടങ്ങിയവർ നേതൃത്വം നൽകി. ഉത്തരേന്ത്യൻ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ നടത്തിയ പ്രവർത്തനങ്ങൾ അവിടങ്ങളിലെ ജനതയ്ക്ക് പ്രതീക്ഷകളും വികസനാനുഭവങ്ങളും നൽകിയതിനെ തുടർന്ന് , 2016 ൽ പദ്ധതി പത്ത് വർഷത്തേക്ക് കൂടി വികസിപ്പിച്ചു 'വിഷൻ 2026' ആസൂത്രണം ചെയ്യുകയായിരുന്നു.

നിലവിൽ വിഷൻ 2026 പദ്ധതിക്ക് കീഴിൽ ഹ്യൂമണ്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്), സഹൂലത് മൈക്രോ ഫിനാൻസ് സൊസൈറ്റി, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍)എന്നി എന്നീ എന്‍.ജി.ഒകളുമായി ചേർന്നാണ് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

പ്രൊഫ: മൻസൂർ അഹ്‌മദ്‌ ഐപിഎസ് (Rtd) പ്രസിഡന്റായ ഫൗണ്ടേഷൻ്റെ ജനറൽ സെക്രട്ടറി ടി. ആരിഫലിയാണ്.

TAGS :

Next Story