Quantcast

‘15 തൊഴിലാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ പ്രധാനമന്ത്രി ക്യാമറക്ക് പോസ് ചെയ്യുകയാണ് ‘; പരിഹാസവുമായി രാഹുലിന്‍റെ ട്വീറ്റ്

വെള്ളം വറ്റിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.

MediaOne Logo

Web Desk

  • Published:

    26 Dec 2018 11:32 AM GMT

‘15 തൊഴിലാളികള്‍ കുടുങ്ങികിടക്കുമ്പോള്‍ പ്രധാനമന്ത്രി ക്യാമറക്ക് പോസ് ചെയ്യുകയാണ് ‘; പരിഹാസവുമായി രാഹുലിന്‍റെ ട്വീറ്റ്
X

മേഘാലയിലെ ജെയ്ന്‍ഷ്യ പര്‍വ്വതമേഖലയിലുള്ള അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ ഇതുവരെ രക്ഷിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെതി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്ലായ്മയെ രാഹുല്‍ കുറ്റപ്പെടുത്തി.

'രണ്ടാഴ്ച്ചയായി 15 തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങികിടക്കുകയാണ്. ഈ സമയം ബോക്സിബെൽ ബ്രിഡ്ജിൽ ക്യാമറക്ക് പോസ്സ് ചെയ്യുകയാണ് പ്രധാനമന്ത്രി. അദ്ദേഹത്തിന്‍റെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ പോലും എത്തിച്ചിട്ടില്ല'; രാഹുല്‍ ട്വീറ്റ് ചെയ്തു. അസാമില്‍ നിര്‍മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ റെയില്‍വെ മോദി ഉല്‍ഘാടനം ചെയ്തതിനെയാണ് രാഹുല്‍ പരാമര്‍ശിച്ചത്.

100 കുതിരശക്തിയുള്ള പമ്പുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ ഒരാഴ്ചയായി കാത്തിരിക്കുകയാണ്. ഖനിയില്‍ വെള്ളം നിറയാതിരിക്കാന്‍ ഇത്രയും ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ച് മാത്രമേ വെള്ളം പുറത്തേക്ക് ഒഴുക്കാനാകൂവെന്ന് രക്ഷാപ്രവര്‍ത്തകര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു. ഇത്രയും ശേഷിയുള്ള പമ്പുകള്‍ മേഘാലയ സര്‍ക്കാരിന്റെ പക്കലില്ല. വെള്ളത്തില്‍ 70 അടി വരെ താഴ്ചയിലെത്തി വേണം രക്ഷാപ്രവര്‍ത്തനം നടത്താന്‍. ദുരന്ത നിവാരണ സേനയുടെ സംഘത്തിന് 40 അടിവരെ പോകാനെ കഴിയുന്നുള്ളൂ. പമ്പുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാല്‍ മാത്രമേ തിരച്ചില്‍ പുനരാരംഭിക്കാനാകൂ.

ഈ മാസം 13നാണ് അനധികൃത ഖനിയില്‍ തൊഴിലാളികള്‍ അകപ്പെട്ടത്. വെള്ളം വറ്റിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ ലഭിക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. 370 അടി താഴ്ച്ചയുള്ള ഖനിയില്‍ 70 അടി ഉയരത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. ഖനിയില്‍ 2014ല്‍ ഹരിത ട്രിബ്യൂണല്‍ പ്രവര്‍ത്തനം നിരോധിച്ചതാണ്.

TAGS :

Next Story