ഗോരക്ഷ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബം നീതി ഉറപ്പാക്കാനായി ഡല്‍ഹിയില്‍
കൊലപാതകം ആസൂത്രണം ചെയ്ത പ്രതി ശിക്ഷിക്കപ്പെട്ടില്ലെന്നും ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും കുടുംബം വെളിപ്പെടുത്തി.

ഝാര്‍ഖണ്ഡിലെ ലതേഹാറില്‍ ഗോരക്ഷ ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യാപാരികളുടെ കുടുംബം നീതി ഉറപ്പാക്കാനായി ഡല്‍ഹിയില്‍. കൊലപാതകം ആസൂത്രണം ചെയ്ത പ്രതി ശിക്ഷിക്കപ്പെട്ടില്ലെന്നും ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും കുടുംബം വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കുടുബത്തിനായി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
കന്നുകാലി കച്ചവടക്കാരായിരുന്ന മജ്ലൂം അന്‍സാരിയെയും പന്ത്രണ്ട് വയസുകാരനായിരുന്ന ഇംതിയാസ് ഖാനെയും 2016 മാര്‍ച്ചിലാണ് ജാര്‍ഖണ്ഡിലെ ലതേഹാര്‍ ജില്ലയില്‍ ഗോരാക്ഷാ ഗുണ്ടകള്‍ അടിച്ച് കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കിയത്. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലക്കേസില്‍ പല തവണ അട്ടിമറി ശ്രമം നടന്നെങ്കിലും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 8 പ്രതികള്‍ക്ക് ഝാര്‍ഖണ്ഡ് അതിവേഗ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ ആസൂത്രകനായ പ്രതി വിനോദ് പ്രജാപതി രക്ഷപ്പെട്ടു. ഇയാളും മറ്റു പ്രതികളുടെ ബന്ധുക്കളും ഇപ്പോഴും ഭീഷണി തുടരുകയാണെന്ന് ഇംതിയാസിന്റെയും മജ്ലൂമിന്റെയും കുടുംബം പറയുന്നു.
നേരത്തെ രാംഗഡില്‍ അലിമുദ്ദീന്‍ അന്‍സാരിയ കൊന്ന കേസിലെ പ്രതികളെ വിചാരണ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്തിരുന്നു. ഈ കേസിലും അതു സംഭവിക്കുമോ എന്ന ഭയവും കുടുംബത്തിനുണ്ട്. സര്‍ക്കാര്‍ ഇനിയും ഉചിതമായ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും മജ്ലൂമിന്റെ ഭാര്യ പറഞ്ഞു. നിയമ സഹായം നല്‍കിയ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും കുടുംബം നന്ദി രേഖപ്പെടുത്തി.
Adjust Story Font
16

