പുതുവത്സര ആഘോഷങ്ങള്‍ക്കിടെ വെടിവെപ്പ്: മുന്‍ എം.എല്‍.എ അറസ്റ്റില്‍
ഡല്‍ഹിയിലെ ഫാം ഹൌസില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് യുവതിക്ക് വെടിയേറ്റത്.

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ നടന്ന വെടിവെപ്പില്‍ യുവതി മരിച്ച കേസില്‍ മുന്‍ ജെ.ഡി.യു എം.എല്‍.എ രാജു സിങും ഡ്രൈവറും അറസ്റ്റില്‍. ഡല്‍ഹിയിലെ ഫാം ഹൌസില്‍ നടന്ന ആഘോഷങ്ങള്‍ക്കിടെയാണ് യുവതിക്ക് വെടിയേറ്റത്. ചികിത്സയിലായിരുന്ന യുവതി ഇന്നാണ് മരിച്ചത്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നാണ് മുന്‍ ജെ.ഡി.യു എം.എല്‍.എ രാജു സിങും ഡ്രൈവര്‍ ഹരിസിങും അറസ്റ്റിലായത്. ഇവര്‍ യാത്ര ചെയ്തിരുന്ന കാറില്‍ നിന്നും പിസ്റ്റളും റൈഫിളും കണ്ടെടുത്തിട്ടുണ്ട്.
രാജുവിന്റെ മാതാവിന്റെ പേരിലുള്ള ദക്ഷിണ ഡല്‍ഹിയിലെ വസന്തകുഞ്ചിലെ ഫാം ഹൌസില്‍ വച്ചാണ് യുവതിക്ക് വെടിയേറ്റത്. കുടുംബസമേതം രാജു ഇവിടെയാണ് താമസം. ഫാം ഹൌസില്‍ ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുതുവല്‍ത്സരാഘോഷത്തിന് എത്തിയതായിരുന്നു യുവതി.
ആഘോഷത്തിനിടെ പലവട്ടം വെടിവെപ്പ് നടന്നതായും ഇതിനിടെ ഭാര്യ കുഴഞ്ഞുവീഴുന്നത് കണ്ടാണ് അടുത്തെത്തിയതെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു. തലക്ക് വെടിയേറ്റ യുവതി വസന്ത്കുഞ്ച് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഫാം ഹൌസില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ 800 ബുള്ളറ്റുകളും രണ്ട് റൈഫിളുകളും കണ്ടെടുത്തിരുന്നു.
Adjust Story Font
16

