Quantcast

അനധികൃത ഖനനം: നടപടി സ്വീകരിക്കാത്ത മേഘാലയ സര്‍ക്കാരിന് 100 കോടി പിഴ 

ഖനികളുടെ നടത്തിപ്പുകാരിൽ നിന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും പിഴത്തുക ഈടാക്കി രണ്ട് മാസത്തിനകം നൽകണമെന്നാണ് ട്രിബ്യൂണൽ നിർദേശം.

MediaOne Logo

Web Desk

  • Published:

    5 Jan 2019 1:24 PM IST

അനധികൃത ഖനനം: നടപടി സ്വീകരിക്കാത്ത മേഘാലയ സര്‍ക്കാരിന് 100 കോടി പിഴ 
X

മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും മന്ദഗതിയിൽ. ഖനിയിലെ ജലനിരപ്പ് കുറക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ഇതിനിടെ അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കാത്ത മേഘാലയ സർക്കാരിന് ദേശീയ ഹരിത ട്രിബ്യൂണൽ കനത്ത പിഴ ചുമത്തി.

മേഘാലയ ഈസ്റ്റ് ജയന്തിയയിലെ 370 അടി താഴ്ചയുള്ള ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയിട്ട് ദിവസം 23 കഴിഞ്ഞു. രക്ഷാപ്രവർത്തനം ഇതുവരെയും ദ്രുതഗതിയിലാക്കാൻ കഴിഞ്ഞിട്ടില്ല. ഖനിക്ക് അകത്തെ ജലനിരപ്പിൽ ഇതുവരെയും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് എത്തിച്ച 13 ഉയർന്ന ശേഷിയുള്ള പമ്പുകളിൽ മൂന്നെണ്ണം മാത്രമാണ് പ്രവർത്തിപ്പിക്കാനായത്.

ഖനിയില്‍ കുടുങ്ങിയവരില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരും പ്രായപൂര്‍ത്തിയാകാത്തവരും ഉള്ളതായി രക്ഷപ്പെട്ട സായേബ് അലി പറയുന്നു. തായ്‌ലൻഡിൽ ഉണ്ടായതിനേക്കാൾ ദുർഘടമായ അവസ്ഥയാണ് മേഘാലയിലെതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.

ഇതിനിടെ അനധികൃത ഖനനങ്ങൾ തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴ ചുമത്തി. ഖനികളുടെ നടത്തിപ്പുകാരിൽ നിന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും പിഴത്തുക ഈടാക്കി രണ്ട് മാസത്തിനകം നൽകണമെന്നാണ് ട്രിബ്യൂണൽ നിർദേശം. അപകടത്തെയും രക്ഷാപ്രവർത്തനത്തെയും കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

TAGS :

Next Story