Quantcast

മേഘാലയ ഖനി ദുരന്തം; പ്രതീക്ഷയറ്റ് അധികൃതര്‍, വെള്ളം വറ്റിച്ചെടുക്കാന്‍ സാധിച്ചില്ല

അനധികൃതമായി പ്രവര്‍ത്തിച്ച ലുംതാരിയിലെ സാന്‍ ഗ്രാമത്തിലെ ഖനിയിലേക്ക് സമീപത്തെ പുഴയില്‍ നിന്നും കയറിയ വെള്ളം 170 അടിയിലേറെ ഉയരത്തിലാണ് ഇപ്പോഴുള്ളത്. 

MediaOne Logo

Web Desk

  • Published:

    7 Jan 2019 10:01 AM IST

മേഘാലയ ഖനി ദുരന്തം; പ്രതീക്ഷയറ്റ് അധികൃതര്‍, വെള്ളം വറ്റിച്ചെടുക്കാന്‍ സാധിച്ചില്ല
X

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്തത്താനാവുമെന്ന പ്രതീക്ഷ അസ്തമിച്ചതായി സൂചന നല്‍കി അധികൃതര്‍. അനധികൃതമായി പ്രവര്‍ത്തിച്ച ലുംതാരിയിലെ സാന്‍ ഗ്രാമത്തിലെ ഖനിയിലേക്ക് സമീപത്തെ പുഴയില്‍ നിന്നും കയറിയ വെള്ളം 170 അടിയിലേറെ ഉയരത്തിലാണ് ഇപ്പോഴുള്ളത്. ഇത് വറ്റിച്ചെടുക്കാന്‍ വിവിധ രക്ഷാ സംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ല.

15 വയസില്‍ താഴെയുള്ള ലോങ് ദക്കാര്‍, നീലം ദക്കാര്‍ എന്നീ കുട്ടികളടക്കം 15 പേരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഖനിക്കകത്ത് അപകടത്തില്‍ പെട്ടത്. ഇതില്‍ മേഘാലയയിലെ വെസ്റ്റ് ഗാരോഹില്‍സ് സ്വദേശികളാണ് ഭൂരിപക്ഷം പേരും. അയല്‍ സംസ്ഥാനമായ അസമില്‍ നിന്നുള്ള അഞ്ച് തൊഴിലാളികളും കൂട്ടത്തിലുണ്ട്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട അസമിലെ ദറംഗ് സ്വദേശിയായ സായേബ് അലിയാണ് ഒപ്പമുണ്ടായിരുന്ന 15 പേരെ കുറിച്ച വിവരം പുറത്തു വിട്ടത്. അതേസമയം അനധികൃത ഖനിയില്‍ ജോലി ചെയ്തതിന്റെ പേരില്‍ നടപടി ഭയന്ന് അലിയും അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കളുമടക്കം അസമിലേക്ക് തിരിച്ചു പോയ അവസ്ഥയാണ് ലുംതാരിയില്‍. നേവി, ഒറീസ ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്ത നിവാരണ സേന, കോള്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവരും ജില്ലാ ഭരണകൂടവും ഒരുമിച്ചാണ് ഖനികക്കത്തെ വെള്ളം പുറത്തു കളഞ്ഞ് കാണാതായവരെ കണ്ടെത്താനുള്ള നീക്കം നടത്തുന്നത്. കാണാതായവരെ ജീവനോടെയോ അല്ലാതെയോ പുറത്തെടുക്കുന്നതു വരെ ശ്രമം തുടരുമെന്നു തന്നെയാണ് ജില്ലാ ഭരണകൂടം പറയുന്നത്.

ഖനിക്കകത്തെ മൂന്നടി വ്യാസമുള്ള മടകള്‍ക്കകത്തേക്ക് വെള്ളം ഇരച്ചു കയറിയപ്പോള്‍ അകത്തു കുടുങ്ങിപ്പോയ ഇവരിലാരും ജീവിച്ചിരിക്കാന്‍ ഒരു ശതമാനം പോലും സാധ്യതയില്ലെന്നാണ് നിഗമനം. അമ്ലാംശമുള്ള ജലത്തില്‍ നീണ്ട നാലാഴ്ചയിലേറെയായി കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങള്‍ ദ്രവിക്കാതെ ബാക്കിയുണ്ടാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

TAGS :

Next Story