ബാബരി കേസ് ജനുവരി 29ന് പരിഗണിക്കും; ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി
നേരത്തെ ബാബരി മസ്ജിദ് അനുബന്ധ കേസില്‍ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു ലളിത് ഹാജരായിട്ടുണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്‍മാറി. ഇതോടെ ബെഞ്ച് പുനസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. കേസ് ഈ മാസം 29ലേക്ക് മാറ്റി. ഭരണഘടന ബെഞ്ചിന്‍റെ പരിഗണനാ വിഷയങ്ങളും അന്തിമവാദ തിയ്യതിയും 29ന് തീരുമാനിക്കും.
രാവിലെ 10.30നാണ് ബാബരി ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. ഇന്ന് തന്നെ വിശദവാദത്തിന് തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ വ്യക്തമാക്കി. ഇന്ന് വാദമില്ലെന്നും വിശദ വാദത്തിന്‍റെ തിയ്യതി കുറിക്കുക മാത്രമാണ് ചെയ്യുക എന്നും ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. ശേഷമാണ് ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് യു.യു ലളിത് ഉള്ള കാര്യം രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടിയത്.
മുമ്പ് ബാബരി മസ്ജിദ് അനുബന്ധകേസില്‍ മുൻ യു.പി മുഖ്യമന്ത്രി കല്യാൺ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു.യു ലളിത് ഹാജരായിട്ടുണ്ടെന്ന് ധവാന്‍ പറഞ്ഞു. പക്ഷേ ബെഞ്ചില്‍ തുടരുന്ന കാര്യത്തില്‍ യു.യു ലളിതിന് തന്നെ തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതോടെ താന്‍ ഈ ഭരണഘടന ബെഞ്ചില്‍ നിന്ന് പിന്‍മാറുകയാണെന്ന് ജസ്റ്റിസ് യു.യു ലളിത് വ്യക്തമാക്കുകയായിരുന്നു. ലളിതിന്‍റെ തീരുമാനം ചീഫ്ജസ്റ്റിസ് ആണ് കോടതിയില്‍ പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് അറബി അടക്കമുള്ള വിവിധ ഭാഷകളില്‍ ഉള്ള രേഖകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഔദ്യോഗിക വിവര്‍ത്തകരെ ചുമതലപ്പെടുത്തുക മാത്രമാണ് ഇന്ന് സുപ്രീം കോടതി ചെയ്തത്. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടത് തന്‍റെ ഭരണപരമായ അധികാരം ഉപയോഗിച്ചാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പുതിയ ജഡ്ജിയെ ഉള്‍പ്പെടുത്തി ഭരണഘടനാ ബെഞ്ച് 29ന് മുന്‍പ് പുനസംഘടിപ്പിക്കും. പരിഗണനാ വിഷയവും അന്തിമവാദ തിയ്യതിയും അന്ന് തീരുമാനിക്കും.
Adjust Story Font
16

