ബി.എസ്.പി - എസ്.പി സഖ്യം നാളെ പ്രഖ്യാപിച്ചേക്കും
നാളെ ലക്‌നൗവില്‍ വിളിച്ച് ചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം...

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നാളെ നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു.
2014ല്‍ 80ല്‍ 73 സീറ്റും നേടി ബി.ജെ.പി വിജയക്കൊടി പാറിച്ച സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മോദിയുടെ പ്രധാനമന്ത്രിപദത്തിലേക്കും ബി.ജെ.പിയുടെ അധികാരത്തിലേക്കുമുള്ള ചുവട് വെപ്പിന് നിര്‍ണ്ണായകമായത് ഈ വിജയമായിരുന്നു. മാറിയ സാഹചര്യത്തില്‍ ശത്രുത മറന്ന് ഒന്നിച്ച് നിന്നാലേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തളക്കാനാകൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സഖ്യത്തിലാകാനുള്ള ബി.എസ്.പിയുടെയും എസ്.പിയുടെയും തീരുമാനം.
നാളെ ഉച്ചക്ക് ലക്‌നൗവില്‍ വിളിച്ച് ചേര്‍ത്ത മായാവതിയുടെയും അഖിലേഷിന്റെയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാധ്യത. 37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും. എന്നാല്‍ സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ലെങ്കിലും അമേഠിയിലും റായ്ബറേലിയിലും ബി.എസ്.പിയും എസ്.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കോണ്‍ഗ്രസും സഖ്യം സംബന്ധിച്ച് തീരുമാനങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
പ്രതിപക്ഷ ഐക്യത്തില്‍ എല്ലാപാര്‍ട്ടികളും ചേരുന്നത് ബി.ജെ.പിയേയും മോദിയേയും സഹായിക്കാനേ ഉപകരിക്കൂ എന്ന കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും സൂചനയുണ്ട്. അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യം തീരുമാനിക്കുന്നത് മായാവതിയും അഖിലേഷുമാണെന്ന് ആര്‍.എല്‍.ഡി നേതാവ് അജിത് സിങ് പറഞ്ഞു. എസ്.പിയും ബി.എസ്.പിയും തമ്മില്‍ ധാരണയില്‍ എത്തിയ കഴിഞ്ഞ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള മൂന്ന് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ മഹാസഖ്യം പിടിച്ചെടുത്തിരുന്നു.
Adjust Story Font
16

