ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകളിന്‍മേല്‍ സര്‍ക്കാര്‍ ചുമത്തിയ കര്‍ശന വ്യവസ്ഥകള്‍ സുപ്രിംകോടതി ദുര്‍ബലപ്പെടുത്തിയിരുന്നു.

ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ഡാന്‍സ് ബാറുകള്‍ക്ക് ഉപാധികളോടെ സുപ്രിംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സമ്പൂര്‍ണ്ണ നിരോധനം കൊണ്ടു വരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. നീതിന്യായ വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകളിന്‍മേല്‍ സര്‍ക്കാര്‍ ചുമത്തിയ കര്‍ശന വ്യവസ്ഥകള്‍ സുപ്രിംകോടതി ദുര്‍ബലപ്പെടുത്തിയിരുന്നു. ഡാന്‍സ് ബാറുകളില്‍ സി.സി.ടി.വി കാമറകള്‍ വേണമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. അത് വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ഡാന്‍സ് നടക്കുന്ന സ്ഥലവും ബാറും തമ്മില്‍ വേര്‍തിരിക്കണമെന്ന വ്യവസ്ഥ തള്ളിയ കോടതി ഡാന്‍സും മദ്യവും ഒരുമിച്ച് ആവാമെന്ന് വ്യക്തമാക്കി. നൃത്തത്തിനിടെ നര്‍ത്തകിമാര്‍ക്ക് ഉപഹാരമായി പണം നല്‍കാമെങ്കിലും അത് അവര്‍ക്കു നേരെ ചൊരിയരുതെന്ന് കോടതി ഉത്തരവിട്ടു.
ആരാധനാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ അകലെയേ ഡാന്‍സ് ബാറുകള്‍ പാടുള്ളൂ എന്ന സര്‍ക്കാര്‍ ചട്ടവും കോടതി അസ്ഥിരെപ്പടുത്തി. മുംബൈയില്‍ അത് സാധ്യമാകില്ലെന്നു നീരീക്ഷിച്ചാണ് കോടതി ഈ നിര്‍ദേശം റദ്ദാക്കിയത്.
Adjust Story Font
16

