അനില്‍ അംബാനി പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ കേന്ദ്രം പ്രതിരോധത്തില്‍
കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യം വീണ്ടും സജീവമായി.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യം വീണ്ടും സജീവമായി. മോശം സാമ്പത്തിക സ്ഥിതിയില്‍ ആയിരിക്കുക എന്നതാണ് മോദി കാലത്ത് ഒരു കമ്പനിയുടെ യോഗ്യത എന്ന് പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
റഫാല്‍ കരാര്‍ റിലയന്‍സിന് സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണാത്മക ലേഖനം ട്വിറ്ററില്‍ പങ്കു വെച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശം. ‘മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന യോഗ്യത’ എന്നാണ് റിലയന്‍സ് ഗ്രൂപ്പ് നേരിടുന്ന കടബാധ്യതയടക്കമുള്ളവയെ രാഹുല്‍ വിശേഷിപ്പിച്ചത്. കരാറില്‍ റിലയന്‍സിന്‍റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്‍ 2012ല്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണ്.
എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ആഗോള ടെന്‍ഡര്‍ അടക്കമുള്ളവ ഒഴിവാക്കി കരാറിന്‍റെ സ്വഭാവം മാറ്റി. തുടര്‍ന്നാണ് ദസോയും റിലയന്‍സും കരാറില്‍ വാണിജ്യ പങ്കാളികളാകുന്നതെന്നും ഇന്ത്യയുടെ പ്രതിരോധ താല്‍പര്യങ്ങള്‍ വെച്ച് മോദി സര്‍ക്കാര്‍ ചൂതാടുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ച ലേഖനം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ആര്‍.കോം അഥവാ റിലയന്‍ കമ്മൂണിക്കേഷന്‍ കമ്പനി നിയമ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്‍ ആരും തയ്യാറാകാത്തതുമാണ് കാരണം.
Adjust Story Font
16

