ആര്‍കോം എറിക്‌സണ്‍ കേസില്‍ അനില്‍ അംബാനി കുറ്റക്കാരന്‍
നാലാഴ്ച്ചക്കം 453 കോടി നല്‍കണമെന്നും പണമടച്ചില്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി ഉത്തരവിലുണ്ട്.

എറിക്‌സണ്‍ ഇന്ത്യക്കുള്ള കുടിശ്ശിക അടക്കാത്തതില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ മേധാവി അനില്‍ അംബാനി കുറ്റക്കാരനെന്ന് സുപ്രീം കോടതി. നാല് ആഴ്ചക്കുള്ളില്‍ 453 കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു. അംബാനിയുടേത് കോടതി അലക്ഷ്യമാണന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
സ്വിറ്റ്‌സര്‍ലാന്റിലെ ടെലികോം ഉപകരണ നിര്‍മാതാക്കളായ എറിക്‌സണിന്റെ ഇന്ത്യന്‍ കമ്പനിക്ക് 550 കോടി കുടിശ്ശിക കൊടുക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇഫ്ര ടെല്‍ എന്നീ കമ്പനികളോട് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള രണ്ട് സമയപരിധി മൂന്ന് കമ്പനികളും ലംഘിച്ചു. ഇതോടെയാണ് എറിക്‌സണ്‍ ഇന്ത്യ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഇനി നല്‍കാനുള്ള തുക പലിശ ചേര്‍ത്ത് 453 കോടി രൂപയുണ്ട്, അനില്‍ അംബാനി അത് നാല് ആഴ്ചക്കകം നല്‍കണം. ഇല്ലെങ്കില്‍ മൂന്ന് മാസം ജയിലില്‍ കിടക്കേണ്ടി വരും എന്നും ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാര്‍, നവീന്‍ സിന്‍ഹ എന്നിവരുടെ ബഞ്ച് വിധിച്ചു. ഇതിന് പുറമെ, കോടതി അലക്ഷ്യത്തിന് മൂന്ന് റിലയന്‍സ് കമ്പനികളുടെയും ചെയര്‍മാന്മാരോട് ഒരു കോടി രൂപ വീതം പിഴയുമിട്ടു. ഈ പണമടച്ചില്ലെങ്കില്‍ ഒരു മാസം ജയിലില്‍ കിടക്കേണ്ടി വരുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
കുടിശ്ശിക ഘട്ടം ഘട്ടമായി അടക്കാമെന്ന അംബാനിയുടെ നിര്‍ദ്ദേശവും കോടതി പരഗിണിച്ചില്ല. റാഫേല്‍ ഇടപാടില്‍ നിക്ഷേപം നടത്താന്‍ അനില്‍ അംബാനിക്ക് പണമുണ്ടെന്നും തങ്ങള്‍ക്കുള്ള കുടിശ്ശിക തരാനാണ് പ്രയാസമെന്നും എറിക്‌സണ്‍ കോടതിയില്‍ വാദിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന തട്ടിപ്പിന് എസ്.ബി.എ പോലുള്ള ബാങ്കുകള്‍ കൂട്ടുനില്‍ക്കുകയാണും എറിക്‌സണ്‍ ആരോപിച്ചിരുന്നു. എന്നാല്‍ തന്റെ കമ്പനികള്‍ പാപ്പരാണെന്നായിരുന്നു അനില്‍ അംബാനിയുടെ മറുവാദം.
Adjust Story Font
16

