ലളിത ജീവിതം കൊണ്ട് പിന്തുണ നേടിയ പരീക്കര്‍
പരീക്കറുടെ വ്യക്തി പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് ഗോവയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചത്.

ലളിത ജീവിതത്തിലൂടെയും സൗമ്യമായ ശൈലിയിലൂടെയും ഗോവന്‍ ജനതയില്‍ വലിയ സ്വാധീനമുറപ്പിച്ച നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. പരീക്കറുടെ വ്യക്തി പ്രഭാവം ഒന്ന് കൊണ്ട് മാത്രമാണ് ഗോവയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചത്.
മനോഹര്‍ ഗോപാല്‍കൃഷ്ണ പ്രഭു പരീക്കര്‍ മുംബൈയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിദ്യാഭ്യാസത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 1994ല്‍ ആദ്യമായി നിയമസഭയിലെത്തി. സൗമ്യവും ലളിതവുമായ ശൈലി പരീക്കറെ വളരെ പെട്ടെന്ന് തന്നെ ബി.ജെ.പിയിലെ ജനസമ്മതിയുള്ള നേതാവാക്കി മാറ്റി.
2000-2005 വരെയും പിന്നീട് 2012 മുതല്‍ 2014 വരെയും ഗോവ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗോവ മുഖ്യമന്ത്രിയായി തിളങ്ങി നില്‍ക്കവെ തട്ടകം ഡല്‍ഹിയിലേക്ക് മാറ്റാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പരീക്കറുടെ മറുപടി ഇങ്ങനെയായിരുന്നു, ‘‘ഗോവ വിടുന്നത് വേദനയാണ്, എന്നാല്‍ രാജ്യമാണ് വലുത്”. ഗോവയെ അത്ര കണ്ട് സ്നേഹിച്ചിരുന്നു പരീക്കര്‍. രാജ്യസഭാംഗമാവുകയും മോദി സര്‍ക്കാരിന്‍റെ തുടക്കത്തില്‍ പ്രതിരോധ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പരീക്കറെ 2017ല്‍ ഗോവ പിടിക്കാന്‍ ഒരിക്കല്‍ കൂടി ബി.ജെ.പി നിയോഗിച്ചു.
സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ പിന്നിലായിട്ടും ബി.ജെ.പിക്ക് ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വീണ്ടും സാധിച്ചത് പരീക്കറിന്‍റെ വ്യക്തി പ്രഭാവം ഒന്നു കൊണ്ട് മാത്രമാണ്. എം.ജി.പിയും ജി.എഫ്.പിയും ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ മുന്നോട്ട് വെച്ച ഉപാധി പരീക്കര്‍ മുഖ്യമന്ത്രിയാകണം എന്നതായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ആരോഗ്യ നില മോശമായെങ്കിലും ഗോവയില്‍ ഭരണം നിലനിര്‍ത്താന്‍ അവസാനം വരെ പരീക്കര്‍ നില കൊണ്ടുവെന്നതും ശ്രദ്ധേയമാണ്.
Adjust Story Font
16

