Quantcast

ദേശീയതലത്തില്‍ ശ്രദ്ധേയമായി ശിവഹര്‍ തിരഞ്ഞെടുപ്പ്

ആര്‍.ജെ.ഡിയുടെ ആഭ്യന്തര കലഹമാണ് ബിഹാറിലെ ഏറ്റവും പിന്നാക്ക മണ്ഡലങ്ങളിലൊന്നായ ശിവഹറിലെ തെരഞ്ഞെടുപ്പിനെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 April 2019 11:28 AM GMT

ദേശീയതലത്തില്‍ ശ്രദ്ധേയമായി ശിവഹര്‍ തിരഞ്ഞെടുപ്പ്
X

ആര്‍.ജെ.ഡിയിലെ ആഭ്യന്തര കലഹമാണ് ബിഹാറിലെ ഏറ്റവും പിന്നാക്ക മണ്ഡലങ്ങളിലൊന്നായ ശിവഹറിലെ തെരഞ്ഞെടുപ്പിനെ ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ലാലുപ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ്പ്രതാപ് യാദവ് പ്രാദേശിക വ്യവസായിയായ അങ്കേഷ് കുമാര്‍ സിങ്ങിനെ രംഗത്തിറക്കി. അങ്കേഷിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയെങ്കിലും തേജ്പ്രതാപ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ ഉറച്ച് നില്‍ക്കുകയാണ്.

ബീഹാറിന്റെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ശിവഹര്‍ മണ്ഡലം. 1984-ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിന് ശേഷം ഇവിടെ കോണ്‍ഗ്രസ് ഒരിക്കലും ജയിച്ചിട്ടില്ല. ആര്‍.ജെ.ഡിയും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഈ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ രമാദേവിയാണ് ജയിച്ചത്. തകര്‍ന്ന് കിടക്കുന്ന നിരത്തുകളും വികസനമെത്താത്ത ഗ്രാമങ്ങളും ബി.ജെ.പിക്കെതിരായ വികാരം മണ്ഡലത്തിലുയര്‍ത്തുണ്ട്. ഏകദേശം മുപ്പത് ശതമാനത്തോളം വരുന്ന മുസ്ലിം ജനസംഖ്യയിലാണ് ആര്‍.ജെ.ഡിയുടെ കണ്ണ്. അതുകൊണ്ട് തന്നെ ഗയ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ സെയ്ദ് ഫൈസല്‍ അലിയെയാണ് ആര്‍.ജെ.ഡി രംഗത്തിറക്കിയിരിക്കുന്നത്. എന്നാല്‍, പുറമേ നിന്നുള്ള സ്ഥാനാര്‍ത്ഥി മണ്ഡലത്തിന് ഗുണം ചെയ്യില്ല എന്ന വാദം ആര്‍.ജെ.ഡിയിലെ ഒരു വിഭാഗത്തിനുണ്ട്.

യു.പി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രദേശിക കോടീശ്വരന്‍ അങ്കേഷ് കുമാര്‍ സിങ്ങിനെ ലാലുപ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ്പ്രതാപിന്റെ പിന്തുണയോടെ മത്സരിക്കാനിറങ്ങിയത് ഇക്കാരണം ചൂണ്ടിക്കാണിച്ചാണ്. വലിയ ആഘോഷങ്ങളോടെ അങ്കേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തള്ളിപ്പോയി. എങ്കിലും ഫൈസല്‍ അലിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദം ആര്‍.ജെ.ഡിക്ക് തലവേദനയായി തുടരുന്നുണ്ട്.

ഭൂമീഹാര്‍ വിഭാഗക്കാരിയായ രമാദേവിക്ക് ഇക്കുറി സവര്‍ണ്ണഹിന്ദുക്കള്‍ മാത്രമേ വോട്ടുചെയ്യൂ എന്നതാണ് ആര്‍.ജെ.ഡിയുടെ പ്രതീക്ഷ. ദളിതരും മറ്റ് പിന്നാക്ക വിഭാഗക്കാരും മുസ്ലീങ്ങളുമടങ്ങുന്നവര്‍ ഒരുമിച്ച് നിന്നാല്‍ ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാമെന്നാണ് മഹാഗഡ്ബന്ധന്റെ കണക്ക് കൂട്ടല്‍.

TAGS :

Next Story