സര്‍ക്കാര്‍ ഗോഡൌണിലെ കേടുവന്ന ധാന്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്: മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു

ഹരിയാനയിലെ സർക്കാർ ഗോഡൗണിലെ ഭക്ഷ്യധാന്യങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചെന്ന വാര്‍ത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്. ഹരിയാനയിലെ ഹിസാറിലെ പ്രാദേശിക റിപ്പോര്‍ട്ടറായ അനൂപ് കുണ്ടുവിനെതിരെയാണ് കേസ്. റിപ്പോര്‍ട്ട് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് കേസ് എടുത്തത്. മാനനഷ്ടത്തിനും അനധികൃതമായി സര്‍ക്കാര്‍ ഗോഡൌണില്‍ പ്രവേശിച്ചതിനുമാണ് കേസ്.
ഉക്ലാനയിലെ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെപ്തംബർ എട്ടിന് കേസെടുത്തത്. സിവിൽ സപ്ലൈസ് വകുപ്പിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്നതിനായാണ് ചാനൽ വ്യാജ വീഡിയോ സംപ്രേഷണം ചെയ്തതെന്ന് അസിസ്റ്റന്റ് ഫുഡ് ആൻഡ് സപ്ലൈസ് ഓഫീസർ സന്ദീപ് ചഹാൽ അവകാശപ്പെട്ടു. ഗോഡൗണിൽ സംഭരിച്ചിരിക്കുന്ന ഗോതമ്പിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്നാൽ ദൃശ്യങ്ങള്‍ യഥാർത്ഥമാണെന്ന് കുണ്ടു പറഞ്ഞു. ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരാണ് തന്നെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിക്രമം, വ്യാജരേഖ ചമയ്ക്കൽ, മാനനഷ്ടം എന്നിവയുമായി ബന്ധപ്പെട്ട ഐ.പി.സി വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതേസമയം കുണ്ടുവിനെതിരായ വ്യാജ കേസ് പിൻവലിക്കണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു.
Adjust Story Font
16

