പൗരത്വ പ്രതിഷേധക്കാര്‍ക്ക് എതിരായ കേസില്‍ കെജ്‍രിവാളിന് മോദിയുടെ പ്രോസിക്യൂട്ടര്‍; ഡല്‍ഹി ബി.ജെ.പി പ്രസിഡണ്ടിനെ മാറ്റി ഉപകാര സ്മരണ
പൗരത്വ സമരക്കാര്‍ക്കെതിരായ കേസില്‍ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തരെയാണ് നിയമിച്ചിരിക്കുന്നത്

പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിലും കോവിഡുമായി ബന്ധപ്പെട്ട് ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ തബ്‍ലീഗി ജമാഅത്ത് വേട്ടയിലും മോദി സര്‍ക്കാരിന് അനുകുലമായി നിലകൊണ്ട കെജ്‍രിവാളിന്‍റെ നിലപാടിന് സഹായമായി ഡല്‍ഹി ബി.ജെ.പിയില്‍ സ്ഥാനചലനം. ബി.ജെ.പിയുടെ പ്രമുഖ നേതാവ് മനോജ് തിവാരിയെ മാറ്റി അപ്രശസ്തനായ വടക്കന്‍ ഡല്‍ഹി മേയര്‍ ആദേഷ് ഗുപ്തയെയാണ് പുതിയ ബി.ജെ.പി പ്രസിഡണ്ട് സ്ഥാനത്ത് അവരോധിച്ചത്. കെജ്‍രിവാള്‍ ബി.ജെ.പി സഖ്യത്തിനൊപ്പം പോകുമോ എന്ന അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മോദി സര്‍ക്കാര്‍ കെജ്‍രിവാളിന് അനുകൂലമായി സമൂല മാറ്റം ഡല്‍ഹിയിലെ പാര്‍ട്ടിക്കകത്ത് കൊണ്ടുവന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അതിദയനീയമായി പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പോലും സ്ഥാനചലനം സംഭവിക്കാത്ത മനോജ് തിവാരിക്ക് പൊടുന്നനെ സ്ഥാനചലനം സംഭവിച്ചത് കെജ്‍രിവാള്‍ നല്‍കിയ സഹായങ്ങള്‍ക്കുള്ള പ്രത്യുപകാരമാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന നിരീക്ഷണം.
ഡല്‍ഹിയിലെ പൗരത്വഭേദഗതി നിയമത്തിനെതിരായ സമരത്തിലും കോവിഡ് മറവില്‍ തബ്‍ലീഗി പ്രവര്‍ത്തകര്‍ക്കെതിരായ വേട്ടയിലും കെജ്‍രിവാള്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായാണ് പ്രവര്‍ത്തിച്ചിരുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഡല്‍ഹി സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ മോദിയുടെ വിശ്വസ്തരായ അഭിഭാഷകര്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്. നിയമനത്തിന് ഡല്‍ഹി നിയമമന്ത്രി സത്യേന്ദര്‍ ജയിന്‍ അംഗീകാരം നല്‍കി. ഡല്‍ഹി ജാഫറാബാദില്‍ പൗരത്വ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പിഞ്ച്‌റതോഡ് പ്രവര്‍ത്തക ഗുല്‍ഫിഷ ഫാത്തിമയ്‌ക്കെതിരായ കേസിലും മറ്റു കേസുകളിലുമാണ് മോദിയുമായി അടുത്ത വ്യക്തികളെ ഡല്‍ഹി സര്‍ക്കാര്‍ നിയമിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി ഡല്‍ഹി വംശഹത്യക്ക് തുടക്കമിട്ട ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വേണ്ടി ഹാജരായി തുഷാര്‍ മെഹ്ത നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഡല്‍ഹി വംശഹത്യക്ക് കാരണമായ പ്രതികള്‍ക്കെതിരെ നടപടികളെടുക്കാത്ത പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തിയപ്പോഴും ജയിലിലടച്ചപ്പോഴും തന്ത്രപരമായ മൗനം പാലിച്ച കെജ്‍രിവാളിനെ സഹായിക്കുന്ന നിലപാടാണ് ബി.ജെ.പി കൃത്യമായി തന്നെ ഇപ്പോള്‍ നിറവേറ്റിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രമുഖ നേതാവായ മനോജ് തിവാരിയുടെ അഭാവത്തോടെ ഡല്‍ഹിയില്‍ കെജ്‍രിവാളിന് എതിരാളികള്‍ ആരും തന്നെ ഇല്ലാത്ത അവസ്ഥയിലാണ്.
Adjust Story Font
16

