Quantcast

രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്

1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു. പുതിയ രൂപകൽപന പ്രകാരം ഇത് 161 അടിയായി ഉയരും

MediaOne Logo

Web Desk

  • Published:

    23 July 2020 11:22 AM GMT

രാമക്ഷേത്രത്തിന് നേരത്തേയുള്ള ഡിസൈനില്‍ നിന്ന് 20 അടി കൂടി ഉയരം; രണ്ട് മണ്ഡപങ്ങള്‍ കൂടുമെന്നും ആര്‍ക്കിടെക്ട്
X

അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന് 161അടി ഉയരമുണ്ടാകുമെന്ന് ആര്‍ക്കിടെക്ട് നിഖിൽ സോംപുര. 1988ൽ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം ക്ഷേത്രത്തിന്‍റെ യഥാര്‍ത്ഥ ഉയരം 141 അടിയായിരുന്നു എന്നും നിഖിൽ സോംപുര കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് അഞ്ചിനാണ് ക്ഷേത്ര നിർമാണത്തിന്‍റെ ശിലാസ്ഥാപനവും ഭൂമിപൂജയും നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തും. പ്രധാനമന്ത്രിക്ക് പുറമേ നിരവധി പ്രമുഖരും ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തും.

''നേരത്തെയുള്ള ഡിസൈന്‍ തയ്യാറാക്കിയത് 1988ലാണ്. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്ഷേത്രം ഒന്നു വന്ന് കാണാന്‍ ആഗ്രഹിക്കുന്ന നിരവധി ജനങ്ങളുണ്ട്. അതുകൊണ്ടുതന്നെ സന്ദര്‍ശകരുടെ എണ്ണം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ക്ഷേത്രത്തിന്‍റെ വലിപ്പം വര്‍ധിപ്പിക്കേണ്ടിവരും. പുതിയ രൂപകൽപന പ്രകാരം ക്ഷേത്രത്തിന്‍റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയരും''- എഎൻഐ വാർത്താ ഏജൻസിയോട് നിഖിൽ സോംപുര വ്യക്തമാക്കി.

രണ്ട് മണ്ഡപങ്ങളാണ് അധികമായി രൂപകൽപനയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ തയ്യാറാക്കിയ ഡിസൈന്‍ പ്രകാരം കൊത്തിയെടുത്ത തൂണുകളും കല്ലുകളും നിർമാണത്തിൽ ഉപയോഗിക്കും. ക്ഷേത്ര നിർമാണം മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും നിഖിൽ സോംപുര കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്‍റെ മുഖ്യ വാസ്തുശിൽപിയായ സി. സോംപുരയുടെ മകനാണ് നിഖിൽ സോംപുര.

ക്ഷേത്രത്തിന്‍റെ തറക്കല്ലിടലിന് മുന്നോടിയായുള്ള ചടങ്ങുകള്‍ ആഗസ്റ്റ് 3 ന് ആരംഭിക്കും. മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ഉള്ളത്. 40 കിലോ വെള്ളി ഇഷ്ടികകൾ ഉപയോഗിച്ചാണ് തറക്കല്ലിടുന്നത്.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ 50ൽ കൂടുതൽ വിഐപികൾ പങ്കെടുക്കില്ല. അയോധ്യയിൽ ഉടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ഭക്തർക്ക് പരിപാടി കാണാനാകുമെന്ന് ക്ഷേത്ര ചുമതലയുള്ള ശ്രീം റാം ജന്മഭൂമി തീർത്ഥക്ഷേത്ര വ്യക്തമാക്കി.

TAGS :

Next Story