ലോകത്തെ സ്വാധീനിച്ച ആ നൂറുപേരില്‍ ഷഹീന്‍ബാഗിലെ ദാദിയും
ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്.

2020ല്‍ ലോകമാകെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഇടംനേടി ഷഹീൻ ബാഗ് സമരനായിക ബിൽകീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്. ഷഹീന്‍ബാഗിലെ ദാദിയെന്നാണ് ബില്‍ക്കീസിനെ എല്ലാവരും വിളിക്കുന്നത് പോലും. 2019 ൽ വിവിധ മേഖലകളിലായി ഏറ്റവും സ്വാധീനം ചെലുത്തിയവരെയാണ് ടൈം മാഗസിന്‍ പട്ടികയിലേക്ക് തെരഞ്ഞെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മയില്‍ പ്രായം തളര്‍ത്താത്ത കരുത്തുറ്റ ശബ്ദമായതോടെയാണ് അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 2019 ഡിസംബറിലാണ് പൌരത്വഭേദഗതി ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്. തുടര്‍ന്ന് രാജ്യമെങ്ങും വന്‍ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ്താരം ആയുഷ്‍മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, പ്രൊഫസർ രവീന്ദ്ര ഗുപ്ത എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു ഇന്ത്യക്കാർ. യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥി ജോ ബൈഡൻ, ഡെമോക്രാറ്റിക് വൈസ്പ്രസിഡൻറ് സ്ഥാനാർഥി കമല ഹാരിസ്, ജർമൻ ചാൻസലർ ഏംഗല മെർക്കൽ, ചൈനീസ് പ്രസിഡൻറ്ഷീ ജിൻപിങ്, ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ, അമേരിക്കൻ ഡോക്ടർ അന്‍റോണിയോ ഫൗസി എന്നിങ്ങനെയുള്ള നേതാക്കളും പ്രശസ്തരും ലിസ്റ്റിൽ ഉൾപ്പെട്ടവരിലുണ്ട്.

സമരത്തിനെത്തിയ ചെറുപ്പക്കാര്‍ക്ക് പ്രചോദനമായിരുന്നു ബില്‍ക്കിസ് എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പറഞ്ഞു. സമരപ്പന്തലില്‍ ആള്‍ക്കൂട്ടത്തിന് നടുവില്‍ കരുത്തുറ്റ ശബ്ദമായി, താന്‍ ആദ്യമായി ബില്‍ക്കീസിനെ കണ്ട അനുഭവം അവര്‍ ഓര്‍ത്തെടുക്കുന്നു. ഒരുകയ്യില്‍ പ്രാര്‍ത്ഥനാമാലയും മറുകയ്യില്‍ ദേശീയ പതാകയുമായാണ് അവര്‍ സമരപ്പന്തലിലുണ്ടായത്. രാവിലെ 8 മണിക്ക് പ്രതിഷേധപന്തലിലെത്തുന്ന അവര്‍ അര്‍ധരാത്രി വരെ ആ സമരത്തിന്‍റെ ഭാഗമായിരുന്നുവെന്നും റാണ അയ്യൂബ് ഓര്‍ത്തെടുക്കുന്നു. ''ഈ രാജ്യത്തിലെ, ലോകത്തിലെ കുട്ടികള്‍ സമത്വത്തിന്‍റെയും നീതിയുടേയും വായു ശ്വസിക്കുന്നതിനായി എന്റെ ഞെരമ്പുകളിലെ രക്തയോട്ടം നിലക്കുന്നതു വരെ, അവസാന ശ്വാസം വരെ ഞാന്‍ ഈ സമരം തുടരുമെന്നായിരുന്നു അന്ന് ബില്‍ക്കീസ് പറഞ്ഞതെന്നും റാണ പറയുന്നു.
Adjust Story Font
16

